നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മേധാവി ബോളിവുഡില്‍ ഭീകരത അഴിച്ചുവിടുന്നു; ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി

Update: 2021-10-16 15:04 GMT

മുംബൈ: നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോക്കെതിരേ വീണ്ടും ആക്രമണം അഴിച്ചുവിട്ട് എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചെറിയ ചെറിയ സംഭവങ്ങള്‍ ഊതിപ്പെരുപ്പിച്ച് പുറത്തുള്ളവരുടെ സഹായത്തോടെ പ്രമുഖ സിനിമാപ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണവും ഭീകരതയും അഴിച്ചുവിടുകയാണെന്ന് മന്ത്രി ആരോപിച്ചു. 

ഏജന്‍സിയുടെ സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കെഡെയുടെ കുടുംബസുഹൃത്താണ് അമീര്‍ ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ കേസില്‍ സാക്ഷിയായ ഫ്‌ളെച്ചര്‍ പട്ടേലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ മൂന്ന് നര്‍കോട്ടിക്‌സ് ബ്യൂറോ കേസിലും ഇവര്‍ തന്നെയാണ് എന്‍സിബി സാക്ഷി. ലേഡി ഡോണ്‍ എന്ന് സമീര്‍ വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്റെ ഒരു അടുത്ത ബന്ധുവുമൊത്തുളള ഫ്‌ളെച്ചര്‍ പട്ടേലിന്റെ ഫോട്ടോ സമീര്‍ സാമൂഹികമാധ്യമത്തില്‍ ഷെയര്‍ ചെയ്തിരുന്നു. 

കഴിഞ്ഞ മൂന്ന് കേസിലും ഒരേയാളെ സാക്ഷിയാക്കുന്നതിന്റെ ധാര്‍മികതയും മാലിക് ചോദ്യംചെയ്തു. നര്‍കോട്ടിക്‌സ് ബ്യോറോയുടെ വിശ്വാസ്യതയെത്തന്നെയാണ് ഇത് ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പൊതുജനശ്രദ്ധ നേടാന്‍ വേണ്ടി മനപ്പൂര്‍വമാണ് എന്‍സിബി പല റെയ്ഡുകളും നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഫ്‌ളെച്ചര്‍ പട്ടേല്‍ സാക്ഷിയായ സിആര്‍ നം 38/ 20, സിആര്‍ നം 16/20, സിആര്‍ നം 02/21 എന്നീ കേസുകളുടെ വിവരങ്ങളും മന്ത്രി പുറത്തുവിട്ടു.

കപ്പലില്‍ പരിശോധന നടത്തുന്ന സമയത്ത് കൂടെയുണ്ടായിരുന്ന ബിജെപി നേതാക്കളുടെ വിവരം പുറത്തുവിട്ടപ്പോള്‍ അവരെ അറിയില്ലെന്ന് പറഞ്ഞ എന്‍സിബി ഇപ്പോള്‍ കഴിഞ്ഞ മൂന്ന് കേസില്‍ സാക്ഷിയായ എന്‍സിബി മേധാവിക്ക് നേരിട്ട് അറിയാവുന്ന ഒരാളെ വീണ്ടും സാക്ഷിയാക്കിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മാലിക് ചോദിച്ചു.

എന്‍സിബിയുടെ പരിശോധനകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നതാണെന്നും സുഹൃത്തുക്കളെ സാക്ഷിയാക്കുന്ന ഈ രീതി നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ലേഡി ഡോണ്‍ എന്ന അപരനാമത്തില്‍ വിശേഷിപ്പിക്കുന്ന യസ്മീന്‍ വാങ്ക്‌ഡെ അഭിഭാഷകയും ഒരു രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ടയാളാണെന്നും അദ്ദേഹം പറഞ്ഞു. എന്‍സിബി മേധാവിക്ക് ഇതിലുള്ള പങ്കെന്താണെന്നും അദ്ദേഹം ചോദിച്ചു. ഏത് രാഷ്ട്രീയപ്പാട്ടിയാണെന്ന് അദ്ദേഹം വിശദീകരിച്ചില്ല. 

Tags:    

Similar News