സംസ്ഥാനത്തെ കാരുണ്യ പദ്ധതിയില്‍ 19,51,453 കുടുംബങ്ങള്‍; ആയുഷ്മാന്‍ പദ്ധതിയില്‍ 22,01,131 കുടുംബങ്ങളും
തിരുവനന്തപുരം: കേരളത്തില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പരിധിയില്‍ വരുന്നത് 19,51,453 കുടുംബങ്ങള്‍. ഇവിടത്തെ 100 ശതമാനം ചികിത്സാ ചെലവും സംസ്ഥാന സര്‍ക്കാരാണ് നിര്‍വഹിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പങ്കാളിത്തമുള്ള ആയുഷ്മാന്‍ പദ്ധതിയില്‍ 22,01,131 കുടുംബങ്ങളും അംഗങ്ങളാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജടീച്ചര്‍ പറഞ്ഞു. ഇത്തരം കുടുംബങ്ങളുടെ ചികിത്സ ചിലവിന്റെ 40 ശതമാനവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില്‍ ആരംഭിച്ച സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
രണ്ട് വര്‍ഷകാലയളവില്‍ 17.14 ലക്ഷം ക്ലെയിമുകളും 1,036.89 കോടി രൂപയുടെ സൗജന്യ ചികിത്സയും നല്‍കിയതായും മന്ത്രി പറഞ്ഞു. 375 സ്വകാര്യ ആശുപത്രികള്‍ അടക്കം കേരളത്തിലുടനീളം 566 ആശുപത്രികളില്‍ നിന്നും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സൗജന്യ ചികിത്സ ലഭ്യമാണ്.
കൂടുതല്‍ ആശുപത്രികളെ പദ്ധതിയില്‍ പങ്കാളികളാക്കാനുള്ള എംപാനല്‍മെന്റ് പ്രക്രിയ തുടര്‍ന്ന് വരുന്നുണ്ട്. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് 1.5 ലക്ഷം രൂപയാണ് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ പാക്കേജ് പ്രകാരം നിജപ്പെടുത്തിയിരുന്നത്. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യം മനസിലാക്കി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് 4 ലക്ഷം രൂപയോളം ചികിത്സയിനത്തില്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ പൂര്‍ത്തികരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി. സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ജോ. ഡയറക്ടര്‍ ഡോ. ഇ. ബിജോയ് എന്നിവര്‍ സംസാരിച്ചു.