റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഹേമ ആവശ്യപ്പെട്ടു; നിര്‍ദേശങ്ങള്‍ നടപ്പാക്കും: സജി ചെറിയാന്‍

Update: 2024-08-20 06:03 GMT

തിരുവല്ല: സിനിമാ മേഖലയിലുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന് റിട്ട.ജസ്റ്റിസ് ഹേമ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഹേമ കത്ത് നല്‍കിയിരുന്നു. സാംസ്‌കാരിക വകുപ്പിലെ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ കൈവശമായിരുന്നു ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട്. 2022ല്‍ വിവരാവകാശ കമ്മിഷണര്‍ വിന്‍സണ്‍ എം.പോള്‍ ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് നിര്‍ദേശിച്ചു. അതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാതെ മാറ്റിവച്ച് സര്‍ക്കാര്‍ മാന്യത കാണിച്ചു.

ജസ്റ്റിസ് ഹേമയുടെ റിപ്പോര്‍ട്ടിലെ 24 നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. സിനിമാ മേഖലയിലെ എല്ലാ സംഘടനകളുമായും ചര്‍ച്ച ചെയ്തു. ഡബ്ല്യുസിസിയുമായി മന്ത്രി നേരിട്ടു സംസാരിച്ചു. വനിതാ കമ്മിഷനുമായി ഒരു ദിവസം മുഴുവന്‍ വിഷയം ചര്‍ച്ച ചെയ്തു. വലിയ പ്രക്രിയ ഒന്നരവര്‍ഷം കൊണ്ട് നടന്നു. അതിന്റെ അടിസ്ഥാനത്തില്‍ സിനിമാ നയം രൂപീകരിക്കാന്‍ സംവിധായകന്‍ ഷാജി എം.കരുണിന്റെ നേതൃത്വത്തില്‍ കമ്മിറ്റിയെ രൂപീകരിച്ചു.

സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ കൊച്ചിയില്‍ കോണ്‍ക്ലേവ് നടത്താന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ലൈറ്റ്‌ബോയ് മുതല്‍ മുകളിലേക്കുള്ള എല്ലാവരെയും പങ്കെടുപ്പിക്കും. രാജ്യത്തെ സിനിമാ മേഖലയിലെ പ്രമുഖരും പങ്കെടുക്കും. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച് നടപടികളിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.




Tags:    

Similar News