ഉപഭോഗം വര്‍ധിച്ചു, ഇറക്കുമതി കുറഞ്ഞു, ഖനികളുടെ പ്രവര്‍ത്തനം നിലച്ചു, പിന്നെ ആസൂത്രണക്കുറവും; കല്‍ക്കരി പ്രതിസന്ധിയുടെ കാരണങ്ങളിതാ
എല്ലാ ഒക്ടോബറിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാറുണ്ട്. ഉല്‍വകാലം ആരംഭിക്കുന്നതു മുതല്‍ കാരണങ്ങള്‍ പലതാണ്. എന്നാല്‍ ഇത്തവണത്തെ വൈദ്യുതി പ്രതിസന്ധിയുടെ കാരണങ്ങള്‍ വ്യത്യസ്തമാണ്. എല്ലാ ഒക്ടോബറും പോലെയല്ല, ഈ ഒക്ടോബറെന്ന് അര്‍ത്ഥം.
കഴിഞ്ഞ രണ്ട് മാസമായി രാജ്യത്തെ വൈദ്യുതി ഉപഭോഗം വര്‍ധിച്ചുവരികയാണ്. 18 മാസമായി തുടരുന്ന ലോക്ക് ഡൗണിനുശേഷം രാജ്യത്തെ പല സംസ്ഥാനങ്ങളും പതിയെപ്പതിയെ സാധാരണ നിലയിലേക്ക് വരുന്നതിന്റെ ഭാഗമായിരുന്നു ഈ ഉയര്‍ന്ന ഉപഭോഗം.
പക്ഷേ, ഉപഭോഗം ഉയര്‍ന്നെങ്കിലും ഏപ്രില്‍ - ജൂണ്‍ മാസത്തെ കല്‍ക്കരി സ്റ്റോക്ക് വളരെ കുറവായിരുന്നു. കൊവിഡ് രണ്ടാം തരംഗം മൂലം പല ഖനികളും പ്രവര്‍ത്തനം നിര്‍ത്തവച്ചതോ പ്രവര്‍ത്തനം മന്ദഗതിയിലാക്കിയതോ ആയിരുന്നു കാരണം.
കഴിഞ്ഞ മാസങ്ങളില്‍ രാജ്യത്ത് വലിയ മഴ അനുഭവപ്പെട്ടിരുന്നു. നീണ്ടുനിന്ന ഈ മണ്‍സൂണ്‍, ഖനികളുടെ പ്രവര്‍ത്തനം കുറച്ചുകൊണ്ടുവരാന്‍ കാരണമായി. കൂടാതെ കല്‍ക്കരി സപ്ലെയെയും അത് ബാധിച്ചു. രാജ്യത്തെ മിക്കവാറും ഖനികള്‍ തുറന്ന ഖനികളായതുകൊണ്ട് മണ്‍സൂണ്‍ വലിയ തോതില്‍ ഉല്‍പ്പാദനത്തെ ബാധിച്ചു.
ഇതിനിടയില്‍ അന്താരാഷ്ട്ര കല്‍ക്കരി വില വന്‍തോതില്‍ വര്‍ധിച്ചു. ഇത്തവണ റെക്കോര്‍ഡ് വിലയാണ് അനുഭവപ്പെട്ടത്. അതോടെ കല്‍ക്കരി ഇറക്കുമതി കുറച്ചുകൊണ്ടുവരാന്‍ പ്ലാന്റുകള്‍ നിര്‍ബന്ധിതമായി. അതും കല്‍ക്കരി സ്റ്റോക്കിനെ ബാധിച്ചു.
സാധാരണ വര്‍ധിച്ച ഉല്‍പ്പാദനം നടത്തേണ്ട സമയം ലക്ഷ്യമിട്ട് പ്ലാന്റുകള്‍ റിസര്‍വ് പ്ലാന്റുകള്‍ നിര്‍ത്തിയിടുന്ന ഒരു രീതിയുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ അത്തരം പ്ലാന്റുകള്‍ കൂടി പ്രവര്‍ത്തിച്ചാണ് രാജ്യത്ത് വര്‍ധിച്ച ഉപഭോഗം നിവര്‍ത്തിച്ചത്. കല്‍ക്കരി ഇറക്കുമതി കുറഞ്ഞതോടെ ആഭ്യന്തര കല്‍ക്കരി സ്‌റ്റോക്കിലൂടെയാണ് താപനിലയങ്ങള്‍ അവരുടെ ആവശ്യം നിവര്‍ത്തിച്ചത്. കല്‍ക്കരി ഉപഭോഗം വര്‍ധിപ്പിച്ച ഒരു സാഹചര്യം അതാണ്.
ഉല്‍പ്പാദനം എല്ലായ്‌പ്പോഴും ഒരേ പോലെയല്ല. അത് കൂടിയും കുറഞ്ഞും വരും. അതനുസരിച്ച് ആസൂത്രണം ചെയ്യുകയാണ് ഒരു പവര്‍ പ്ലാന്റ് മാനേജറുടെ ചുമതല. ഈ മുന്‍കൂട്ടിക്കാണല്‍ പല തലത്തില്‍ നടക്കേണ്ടതുണ്ട്. നയവിദഗ്ധര്‍, ഗ്രിഡ് മാനേജര്‍മാര്‍, സപ്ലെ ചെയിനിലെ വിദഗ്ധര്‍, പവര്‍ പ്ലാന്റ് മാനേജര്‍മാര്‍, സര്‍ക്കാര്‍ അധീനതയിലുള്ള കല്‍ക്കരി ഖനി കമ്പനികളുടെ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കൊക്കെ ഇതില്‍ പങ്കുണ്ട്. അവരുടെ വിവേകക്കുറവും ഇത്തവണ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.
വൈദ്യുതി ആവശ്യം വര്‍ധിച്ചതാണ് കല്‍ക്കരി കത്തിത്തീരാനുള്ള കാരണങ്ങളില്‍ മുഖ്യം. കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കൂടുതല്‍ കല്‍ക്കരി കത്തിക്കേണ്ടിവരുമല്ലോ. രാജ്യത്തെ വൈദ്യുതിയുടെ പകുതിയില്‍ കൂടുതലും താപനിലയങ്ങളാണ് ഉള്‍പ്പാദിപ്പിക്കുന്നതെന്നും നാം ഓര്‍ക്കണം. ആഗസ്ത്- സപ്തംബര്‍ മാസത്തില്‍ രാജ്യത്ത് 124.2 ബില്യന്‍ യൂനിറ്റ് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചത്. 2019ല്‍ ഇത് 106.2 ബില്യന്‍ യൂനിറ്റ് മാത്രമായിരുന്നു. കല്‍ക്കരി ഉപയോഗിക്കുന്ന പ്ലാന്റുകളാണ് ഇതില്‍ പകുതിയിലധികവും ഉല്‍പ്പാദിപ്പിച്ചത്. അതായത് 66.35 ശതമാനം. 2019ല്‍ ഇത് 61.91 ശതമാനമായിരുന്നു.
ആകെ ഉപഭോഗത്തില്‍ 2019നെ അപേക്ഷിച്ച് 2021ല്‍ 18 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടുവേണമായിരുന്നു പ്ലാന്റ് മാനേജര്‍മാര്‍ തന്ത്രങ്ങള്‍ സ്വീകരിക്കാന്‍. പക്ഷേ, അവര്‍ അതില്‍ പരാജയപ്പെട്ടു. ഈ തന്ത്രം സ്വീകരിക്കലില്‍ കല്‍ക്കരി സ്‌റ്റോക്ക് ചെയ്യലും ഉല്‍പ്പെടും.
ഇന്ത്യയില്‍ 208.8 ജിഗാ വാര്‍ട്‌സ് വൈദ്യുതിയും കല്‍ക്കരി പ്ലാന്റുകളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. രാജ്യത്തിന്റെ സ്ഥാപിത ശേഷിയില്‍ 54 ശതമാനവും അതായത് 388 ജിഗാ വാര്‍ട്‌സും താപനിലയങ്ങളുടെ ഷെയറാണ്. കല്‍ക്കരി ഉപയോഗിച്ചുള്ള ഉല്‍പ്പാദനമായിരുന്നു ഇത്തവണ ഏറ്റവും കൂടുതല്‍. 2019ല്‍ കല്‍ക്കരി ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് 62 ശതമാനമായിരുന്നത് 2021ല്‍ 66 ശതമാനമായി വര്‍ധിച്ചു.
സാധാരണ 15-30 ദിവസത്തെ കല്‍ക്കരിയാണ് താപനിലയങ്ങള്‍ സ്റ്റോക്ക് ചെയ്യുക. എന്നാല്‍ രാജ്യത്തെ 135 ഖനികളുടെ മുഴുവന്‍ സ്റ്റോക്കും കൂട്ടിയാല്‍ സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കണക്കുപ്രകാരം മൂന്ന് ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമേയുളളൂ.
അതേസമയം ഒക്ടോബറോടെ വൈദ്യുതി ഉപഭോഗം കുറയാന്‍ ഇടയുണ്ട്. കാരണം വടക്കന്‍ പ്രദേശങ്ങളില്‍ ചൂട് കുറഞ്ഞുവരും. അതോടെ ഒരു പക്ഷേ, പ്രതിസന്ധി താല്‍ക്കാലികമായി പരിഹരിക്കപ്പെട്ടേക്കാം. ചിലപ്പോള്‍ അതിനിടയില്‍ രാജ്യം ഇരുട്ടിലേക്കും പോയേക്കാം.