കൊച്ചി: വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുതെന്ന് ഹൈക്കോടതി. ആനൂകൂല്യവിതരണത്തിന് രണ്ടുവര്‍ഷത്തെ സാവാകാശം അനുവദിക്കാനാവില്ലെന്നും കോടതി അറിയിച്ചു. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നാല് മാസത്തിനകം നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി നല്‍കിയ ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പ്രതികരണം. കുറച്ചെങ്കിലും ആനുകൂല്യം നല്‍കിയിട്ട് സാവാകാശം തേടൂ. വേണമെങ്കില്‍ ആറുമാസം സാവകാശം അനുവദിക്കാമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
ആനുകൂല്യവിതരണത്തിനുള്ള സീനിയോറിറ്റി പ്രകാരമുള്ള റിപോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സീനിയോറിറ്റിയും അടിയന്തര സാഹചര്യവും കണക്കിലെടുത്ത് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനുള്ള പദ്ധതി തയാറാക്കി കെഎസ്ആര്‍ടിസി ഹൈക്കോടതിയുടെ അനുമതിക്കു സമര്‍പ്പിച്ചിരുന്നു. സീനിയോറിറ്റി അടിസ്ഥാനമാക്കി 38 പേര്‍ക്കും അടിയന്തര സാഹചര്യമുള്ള ഏഴു പേര്‍ക്കും ഉള്‍പ്പെടെ ഒരു മാസം 45 പേര്‍ക്കു പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണു പദ്ധതി. കക്ഷികളുടെ നിലപാട് കൂടി ആരാഞ്ഞ ശേഷമാകും ഇക്കാര്യത്തില്‍ കോടതിയുടെ തീരുമാനം.