ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി; വിധി സര്‍ക്കാരിന്റെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമെന്നാരോപിച്ച് ഉത്തര്‍പ്രദേശ് സുപ്രിംകോടതിയിലേക്ക്
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്. കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട അഞ്ച് നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് അലഹബാദ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇത്തരമൊരു ഉത്തരവ് സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഉത്തര്‍പ്രദേശിലെ പല നഗരങ്ങളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ പ്രശ്‌നം വളരെ അടിയന്തരപ്രാധാന്യമുള്ളതാണ്. അതുകൊണ്ട് ഇന്നുതന്നെ കേസ് കേള്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു- സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
യുപിയില്‍ അറ്റവും തീക്ഷ്ണമായി കൊവിഡ് ബാധിച്ച അഞ്ച് ജില്ലകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. നവരാത്രി, റംസാന്‍ ആഘോഷങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര് ഉണ്ടാവരുതെന്ന് യുപി സര്‍ക്കാര്‍ ഉത്തരിവിട്ടിട്ടുണ്ട്. എന്നാല്‍ ഒരിടത്തും പൂര്‍ണലോക്ക് ഡൗണ്‍ വേണ്ടെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്. പകരം ആഴ്ചാവസാനം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് യോഗി ആദിത്യനാഥിന്റെ നിലപാട്. ഇതിനെതിരേയാണ് ഹൈക്കോടതി ഉത്തരവിട്ടത്.
യുപിയില്‍ 2,08,523 പേരാണ് നിലവില്‍ കൊവിഡ് ചികില്‍സ തേടുന്നത്. 24 മണിക്കൂറിനുള്ളില്‍ 18,021 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 6,61,311 പേര്‍ രോഗമുക്തരായി. 9,997 പേര്‍ മരിച്ചു.