പീഡനക്കേസ്;വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് വിജയ് ബാബുവിനെതിരേ ചുമത്തിയിട്ടുള്ളതെന്ന് വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് ഹരജി തള്ളിയത്
കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ഇന്നലെ ഉച്ചക്ക് ശേഷം ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഹരജികള്‍ പരിഗണിച്ചത്. ഇരയുടെ പേരു വെളിപ്പെടുത്തിയ കേസില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് വിജയ് ബാബുവിനെതിരേ ചുമത്തിയിട്ടുള്ളതെന്ന് വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് ഹരജി തള്ളിയത്. ഈ കേസില്‍ വിജയ് ബാബുവിന് പോലിസ് സ്‌റ്റേഷനില്‍ ഹാജരായി ജാമ്യം എടുക്കാനാകും.
അതിനിടെ വിജയ് ബാബുവിന് എതിരായ പീഡനക്കേസില്‍ ഇന്നും വാദം തുടരും. ഇന്നലെ സര്‍ക്കാര്‍ വാദം പൂര്‍ത്തിയായി. വിജയ് ബാബുവിന്റെ അഭിഭാഷകന്റെ വാദം ഇന്നും തുടരും.പീഡനക്കേസില്‍ നിര്‍ണായക തെളിവുകളായ വാട്ട്‌സ് ആപ്പ് സന്ദേശങ്ങളടക്കം ഇന്നലെ കോടതി പരിഗണിച്ചു. ഇരയുടെ സ്വകാര്യത ഉറപ്പാക്കണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് രഹസ്യമായാണ് ഇന്നലെയും മൂന്നു മണിക്കൂറോളം വാദം കേട്ടത്. വിജയ് ബാബുവിന്റെ അറസ്റ്റു വിലക്കിയ ഇടക്കാല ഉത്തരവിന്റെ കാലാവധി ഇന്നുവരെ നീട്ടിയിട്ടുണ്ട്.
ഏപ്രില്‍ 22നാണ് നടി പരാതി നല്‍കിയത്.പരാതി നല്‍കിയതിന് പിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു. പരാതിക്കാരിക്ക് പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെയാണ് ബലാല്‍സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബുവിന്റെ ആരോപണം.