മാനത്ത് മംഗലത്ത് ഹൈടെക് അംഗന്‍വാടി തുറന്നു
നഗരസഭാ ഉടമസ്ഥതയിലുള്ള മൂന്നു സെന്റ് സ്ഥലത്താണ് ഹൈടെക് അംഗന്‍വാടി നിര്‍മിച്ചത്.
പെരിന്തല്‍മണ്ണ: നഗരസഭയുടെ രജത ജൂബിലി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 12 ഹൈടെക് അംഗനവാടിയിലെ ആറാമത്തേത് രണ്ടാം വാര്‍ഡ് മാനത്തു മംഗലത്ത് നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉടമസ്ഥതയിലുള്ള മൂന്നു സെന്റ് സ്ഥലത്താണ് ഹൈടെക് അംഗന്‍വാടി നിര്‍മിച്ചത്.
രണ്ടു നിലകളില്‍ 1000 സ്‌ക്വയര്‍ഫീറ്റില്‍ നിര്‍മിച്ച കെട്ടിടത്തിന് ശിശു സൗഹൃദമായ വര്‍ണ്ണചിത്രങ്ങള്‍ വരച്ച ചുമരുകള്‍, ഇരിപ്പിടങ്ങള്‍, കളിക്കോപ്പുകള്‍, ടിവി, ലാപ്പ്‌ടോപ്പ്, സൗണ്ട് സിസ്റ്റം, ആധുനിക പഠനോപകരണങ്ങള്‍ എന്നിവ സജ്ജമാക്കി. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം എന്ന നിലയിലുള്ള പ്രവര്‍ത്തനത്തിനും അംഗനവാടിയില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 12 ലക്ഷം രൂപയാണ് നിര്‍മ്മാണച്ചിലവ്.
പൊതു ശിശു പരിപാലനകേന്ദ്രങ്ങളുടെ ഗുണമേന്മയും ഭൗതികസൗകര്യങ്ങളും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിക്കുന്ന അംഗന്‍വാടികളില്‍ ആനത്താനം, ലക്ഷം വീട് ചെമ്പന്‍ കുന്ന്, കുന്ന പള്ളി, നാരങ്ങാകുണ്ട് എന്നീ അംഗന്‍വാടികള്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തിരുന്നു, ബാക്കി വരുന്ന 6 അംഗന്‍വാടികളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി ടി ശോഭന അധ്യക്ഷത വഹിച്ചു.
മരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ എ രതി, പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്‍, കൗണ്‍സിലര്‍ കീഴ്‌ശേരി വാപ്പു, ഐസിഡിഎസ് സുപ്പര്‍വൈസര്‍ പി ആയിഷ, കമ്മദ് താമരത്ത്, കെ.പിഫാറൂഖ്. വാര്‍ഡ് കൗണ്‍സിലര്‍ അലീന മറിയം, സുപ്രിയ ടീച്ചര്‍ സംസാരിച്ചു.