ഹിജാബ് നിരോധനം; കര്‍ണാടകയിലെ സ്‌കൂളുകളില്‍ ഹിന്ദു വിദ്യാര്‍ത്ഥിനികള്‍ വീണ്ടും കാവി ഷാളുകളുമായി സ്‌കൂളിലേക്ക്
ഉഡുപ്പി; കര്‍ണാടകയിലെ ചില സ്‌കൂളുകളില്‍ മുസ് ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കൂള്‍ കാമ്പസില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ ഏതാനും ഹിന്ദു വിദ്യാര്‍ത്ഥികള്‍ എത്തിയത് കാവി ഷാള്‍ ധരിച്ച്. മുസ് ലിം വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കിയെന്ന് പറഞ്ഞ് നേരത്തെയും ഏതാനും ഹിന്ദുത്വരായ മാതാപിതാക്കളുടെ മക്കള്‍ കാവി ഷാളുമായി എത്തിയിരുന്നു. സമാനമായ സംഭവമാണ് വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്.
കര്‍ണാടകയിലെ ചില സ്‌കൂളുകള്‍ സ്‌കൂളുകള്‍ക്കുള്ളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കുന്നുണ്ടെങ്കിലും ക്ലാസ്സിനുള്ളില്‍ അനുവാദമില്ല.
ഉഡുപ്പിയിലെ കുന്ദാപൂര്‍ സ്‌കൂളില്‍ നിന്നുള്ള വീഡിയോവില്‍ കുട്ടികള്‍ ജയ് ശ്രീറാം എന്ന് അലറിവിളിച്ചാണ് കാവി ഷാള്‍ ധരിച്ച വിദ്യാര്‍ത്ഥിനികള്‍ എത്തിയത്. ഏതാനും വിദ്യാര്‍ത്ഥികളും ഷാളുമായെത്തിയിരുന്നു.
കര്‍ണാടകയിലെ ഹിജാബ് നിരോധനം ദേശീയ തലത്തില്‍ത്തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇതേ വാര്‍ത്ത ഇടം പിടിച്ചു.
പുറത്തുവന്ന വീഡിയോയില്‍ ഹിജാബ് ധരിച്ച മുസ് ലിം പെണ്‍കുട്ടികളുടെ ഒരു നിര കാണുന്നുണ്ട്. അതിനടുത്തായി പോലിസ് വണ്ടികളും നിര്‍ത്തിയിട്ടിട്ടുണ്ട്.
കാവിഷാള്‍ ധരിച്ച കുട്ടികളെ പോലിസ് പിരിച്ചുവിടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
കുട്ടികള്‍ ഹിജാബോ കാവി ഷാളോ ധരിക്കരുതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്.