ഹിജാബ് വിലക്ക്: രാജ്യാന്തര ചലച്ചിത്രമേള വേദിയില്‍ തട്ടമിട്ട് സിനിമാ ആസ്വാദകരുടെ ഐക്യദാര്‍ഢ്യം

ചലച്ചിത്രമേളയുടെ മുഖ്യവേദിയായ ടഗോര്‍ തീയറ്ററിന് മുന്‍പിലാണ് സിനിമാ ആസ്വാദകര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്

Update: 2022-03-24 05:13 GMT

തിരുവനന്തപുരം: ഹിജാബ് വിലക്കിനെതിരേ പ്രതിഷേധിക്കുന്ന സഹോദരിമാര്‍ക്ക് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചലച്ചിത്രപ്രേമികള്‍. ചലച്ചിത്രമേളയുടെ മുഖ്യവേദിയായ ടഗോര്‍ തീയറ്ററിന് മുന്‍പിലാണ് സിനിമാ ആസ്വാദകരുടെ ഐക്യദാര്‍ഢ്യം.

ഐക്യദാഢ്യത്തില്‍ പറഞ്ഞത്

'മുസ്‌ലിം സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കാനുള്ള മൗലികാവകാശമാണ് ഇപ്പോള്‍ വിലക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ മതവിവേചനം ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശത്തിന്റെ നഗ്നമായ ലംഘനമാണ്. ഹിജാബ് നിരോധനവിധി സംഘപരിവാറിന്റെ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ്. ഇത് ഒരു കൂട്ടരുടെ മാത്രം പ്രശ്‌നമായി കാണുന്നത്, അല്ലെങ്കില്‍ കര്‍ണാടകയിലെ മാത്രം പ്രശ്‌നമാക്കി മാറ്റുന്നത് ചിലര്‍ക്ക് സൗകര്യമായിരിക്കും. ഹിജാബ് ധരിക്കുന്നത് മതത്തില്‍ നിര്‍ബന്ധമുള്ള കാര്യമല്ല എന്നാണ് കോടതി പറയുന്നത്. എന്നാല്‍ കുറി തൊടുന്നത് റിലിജ്യസ് പ്രാക്ടീസിന് ആവശ്യവുമാണ്. വിവേവചനമാണിത്. ഭരണഘടനയുടെ 14,15 അനുച്ഛേദങ്ങള്‍ക്ക് എതിരാണ്. എല്ലാവരെയും തുല്യമായി കണ്ടാല്‍ പോരെ എന്നാണ് കോടതി ചോദിക്കുന്നത്. അങ്ങനെയല്ല, ന്യൂനപക്ഷ വിഭാഗങ്ങളെ പ്രത്യേകമായി തന്നെ കാണണം. അതാണ് ഭരണഘടനപറയുന്നത്. അതുകൊണ്ട് ഈ സമരം ഭരണഘടന മൂല്യങ്ങളെ സംരക്ഷിക്കാനുള്ളത് കൂടിയാണ്. ഹിജാബ് ഒരു ഭീതിപ്പെടുത്തുന്ന വേഷമാക്കി മാറ്റിയിട്ടുണ്ട്. എന്തിനാണ് ഈ ഭയം'. 


ഹിജാബ് വിശ്വാസമാണ്- വിശ്വാസം സ്വാതന്ത്യമാണ്, ഹിജാബ് എന്റെ അവകാശം, തട്ടത്തിന്‍മറയത്തെ ഇസ്‌ലാമോഫോബിയ, എന്റെ ഹിജാബ് എന്റെ തീരുമാനം, എന്ത് ധരിക്കണമെന്ന് ഞാന്‍ തീരുമാനിക്കട്ടെ- എന്നിങ്ങനെയുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയിരുന്നു.

ഗ്രന്ഥകാരി ഡോ. ജെ ദേവിക, നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ശീതള്‍ ശ്യാം, മാധ്യമപ്രവര്‍ത്തക അര്‍ച്ചന, ആക്ടിവിസ്റ്റുകളായ ദിവ്യ എന്നിവര്‍ സംസാരിച്ചു. കീര്‍ത്തന, അശ്വതി, സോണിയ, അഖില, പ്രിയ നെട്ടയം, ബിന്ദു കല്യാണി, സുല്‍ഫത്ത് തുടങ്ങിയവര്‍ ഐക്യദാര്‍ഢ്യസംഗമത്തിന് നേതൃത്വം നല്‍കി. ഐക്യദാര്‍ഢ്യ ചിത്രത്തില്‍ നിരവധി പേര്‍ കൈയ്യൊപ്പ് ചാര്‍ത്തി.


ടഗോര്‍ തീയറ്ററിന് ചുറ്റുമുള്ള ചുമരുകളില്‍ ഹിജാബിനായി സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള പോസ്റ്ററുകള്‍ പതിച്ചു. ഐക്യദാര്‍ഢ്യസംഗമത്തില്‍ നൂറുകണക്കിന് സിനിമ ആസ്വാദകര്‍ സംബന്ധിച്ചു. 

Tags:    

Similar News