ഹിജാബ് നിരോധനം; സമരം ചെയ്യുന്ന മുസ് ലിം പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

Update: 2022-02-05 07:37 GMT

ന്യൂഡല്‍ഹി; കര്‍ണാടകയിലെ കോളജില്‍ ഹിജാബ് നിരോധിച്ചതിനെതിരേ സമരം ചെയ്യുന്ന മുസ് ലിം പെണ്‍കുട്ടികള്‍ക്ക് പരസ്യപിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. രാജ്യം ഹിജാബിന്റെ പേരില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയും കവര്‍ന്നെടുക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

സരസ്വതി ദേവി വിദ്യ വിതരണം ചെയ്യുന്നതില്‍ വിവേചനം നടത്താറില്ലെന്നും അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു.

'വിദ്യാര്‍ത്ഥികളുടെ ഹിജാബ് അവരുടെ വിദ്യാഭ്യാസത്തിന് തടസ്സമാകാന്‍ അനുവദിക്കുന്നതിലൂടെ, നാം ഇന്ത്യയിലെ പെണ്‍മക്കളുടെ ഭാവി കവര്‍ന്നെടുക്കുകയാണ്. സരസ്വതി ദേവി എല്ലാവര്‍ക്കും അറിവ് നല്‍കുന്നു. ആരേയും പരസ്പരം വേര്‍തിരിക്കുന്നില്ല- രാഹുല്‍ ട്വീറ്റ് ചെയ്തു.

ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് കര്‍ണാടയിലെ കുന്ദാപൂരിലെ ഭണ്ഡാര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ 40ഓളം പെണ്‍കുട്ടികളാണ് സമരം നടത്തുന്നത്. കര്‍ണാടയിലെ ഉഡുപ്പി ജില്ലയിലെ കോളജാണ് ഇത്.

ഹിജാബ് എടുത്തുമാറ്റാതെ കോളജില്‍ പ്രവേശിപ്പിക്കില്ലെന്നാണ് കോളജ് അധികൃതരുടെ വാദം. തലമറച്ചുവരുന്ന കുട്ടികളെ ജീവനക്കാര്‍ തടയുന്നുമുണ്ട്. തലമറച്ചതിന്റെപേരില്‍ ഇത് രണ്ടാം ദിവസമാണ് കുട്ടികള്‍ക്ക് ക്ലാസ് നഷ്ടമാകുന്നത്.

മുസ് ലിം കുട്ടികള്‍ തലമറച്ചതിനെ പ്രതിരോധിക്കാന്‍ ഹിന്ദുത്വരായ ഏതാനും കുട്ടികള്‍ തലയില്‍ കാവി സ്‌കാര്‍ഫ് ധരിച്ച് എത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയത്. 

Tags:    

Similar News