ഹിജാബ് നിരോധനം; വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും
ബെംഗളൂരു; കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഹിജാബ് ധരിച്ച് സ്‌കൂളിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരേ മുസ് ലിം വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹരജി ഇന്ന് കര്‍ണാടക ഹൈക്കോടതി പരിശോധിക്കും.
ഇന്ത്യന്‍ ഭരണഘടനയുടെ 25ാം അനുച്ഛേദത്തില്‍ പറഞ്ഞിരിക്കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനമെന്നാണ് ഹരജിയില്‍ പറയുന്നത്.
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിദ്യാര്‍ത്ഥികളോട് യൂനിഫോമുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ ഒരു കോളേജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ സ്‌കൂളിനുള്ളിലേക്ക് പ്രവേശിപ്പിച്ചെങ്കിലും അവരെ പ്രത്യേക മുറിയില്‍ ഇരുത്തി. അവരെ പഠിപ്പിക്കാനും അധികൃതര്‍ തയ്യാറായില്ല.
ഹിജാബ് വിഷയത്തില്‍ ഹൈക്കോടതി ഇന്ന് ഏതെങ്കിലും തരത്തിലുള്ള ഉത്തരവ് പുറപ്പെവുടിക്കുമോയെന്ന് വ്യക്തമല്ല. പ്രതിഷേധം ശക്തമായതോടെ പ്രദേശത്തെ കോളജുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. ഹൈക്കോടതി നിര്‍ദേശം പുറത്തുവന്നശേഷം തുറക്കാനാണ് പദ്ധതി.
മുസ് ലിം വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നതിനെതിരേ ഹിന്ദുത്വ സംഘടനകളുടെ നിര്‍ദേശപ്രകാരം 200ഓളം കുട്ടികള്‍ കാവി ഷാളുമായി സ്‌കൂളിലെത്തിയിരുന്നു. കാവിഷാളുകാര്‍ക്കെതിരേ ദലിത് വിദ്യാര്‍ത്ഥികള്‍ നീല ഷാളുമായും രംഗത്തുവന്നു. മുസ് ലിം വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നത് അവസാനിപ്പിക്കുന്നന്നതുവരെ തങ്ങള്‍ കാവി ഷാള്‍ ധരിക്കുമെന്നാണ് ഹിന്ദുത്വ വിദ്യാര്‍ത്ഥികളുടെ വാദം.
ഹൈക്കോടതി ഇന്ന് പരിഗണിക്കുന്ന കേസില്‍ ഞായറാഴ്ച കര്‍ണാടക സര്‍ക്കാര്‍ ഏതാനും പുതിയ നിര്‍ദേശങ്ങളുമായി രംഗത്തുവന്നിരുന്നു.
ഹിജാബ് നിരോധനത്തിനെതിരേ രംഗത്തുവന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരേ പ്രതികാര നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. അവരുടെ രാഷ്ട്രീയബന്ധം പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നത്.