ഹിന്ദി മാലൂം നഹി? ലോണ്‍ നഹി: ബാങ്ക് മാനേജറെ സ്ഥലം മാറ്റി
സംഭവം തമിഴ് സംഘടനകള്‍ ഉള്‍പ്പടെ ഏറ്റെടുത്തതോടെ മാനേജര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
ചെന്നൈ: ഹിന്ദി അറിയാത്തതിന്റെ പേരില്‍ ലോണ്‍ നിഷേധിച്ച ബാങ്ക് മാനേജറെ സ്ഥലം മാറ്റി. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഗംഗൈകൊണ്ടചോലപുരം ശാഖ മാനേജര്‍ മഹാരാഷ്ട്ര സ്വദേശി വിശാല്‍ കാംബ്ലെയെ ആണ് സ്ഥലം മാറ്റിയത്. ലോണിനായി നല്‍കിയ രേഖകള്‍ തമിഴിലായതിനാല്‍ അപേക്ഷ പരിശോധിക്കാന്‍ പോലും മാനേജര്‍ തയ്യാറായില്ല. സംഭവം തമിഴ് സംഘടനകള്‍ ഉള്‍പ്പടെ ഏറ്റെടുത്തതോടെ മാനേജര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ത്രിച്ചിയിലേക്കാണ് വിശാലിനെ സ്ഥലം മാറ്റിയത്.
സി.ബാലസുബ്രഹ്മണ്യം എന്ന 76കാരന്‍ ലോണിനായി ബാങ്കിനെ സമീപിച്ചത് മൂന്നു ദിവസം മുമ്പാണ്. റിട്ടയര്‍ഡ് സര്‍ക്കാര്‍ ഡോക്ടറായ ബാലസുബ്രഹ്മണ്യം വ്യാപാര കേന്ദ്രം പണിയുന്നതിനാണ് ലോണിന് അപേക്ഷിക്കാനാണെത്തിയത്. അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞപ്പോള്‍ ബാങ്ക് മാനേജര്‍ ഹിന്ദി അറിയുമോ എന്ന് ചോദിച്ചുവെന്നാണ് ഡോക്ടര്‍ പറയുന്നത്. തമിഴും ഇംഗ്ലീഷും മാത്രമെ അറിയു എന്ന് പറഞ്ഞതോടെ വാഗ്വാദമുണ്ടായി. അതോടെ ഭൂമിയുടെ രേഖകള്‍ തമിഴിലാണെന്ന് കാരണം ഉന്നയിച്ച് അപേക്ഷ പരിശോധിക്കാന്‍ പോലും നില്‍ക്കാതെ ലോണ്‍ നിഷേധിച്ചു എന്നാണ് ബാലസുബ്രഹ്മണ്യം ആരോപിക്കുന്നത്.
പിന്നീട് ബാങ്ക് മാനേജര്‍ക്കെതിരെ ബാലസുബ്രഹ്മണ്യം നിയമനടപടികള്‍ സ്വീകരിച്ചു. ഭാഷ അറിയില്ലെന്ന കാരണത്താല്‍ ലോണ്‍ നിഷേധിക്കുന്നത് ബാങ്കിന്റെ വീഴ്ചയാണെന്നും തനിക്ക് നേരിടേണ്ടി വന്ന മാനസിക സമ്മര്‍ദ്ദത്തിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ബാങ്ക് മാനേജര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുകയായിരുന്നു. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും ഇദ്ദേഹം അറിയിച്ചിരുന്നു.