കാസര്‍കോട്: ഹൊസങ്കടിയില്‍ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട ശേഷം ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ മോഷ്ടാക്കള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ പിടികൂടി. 7 കിലോഗ്രാം വെള്ളിയും, 2 ലക്ഷം രൂപയും വാഹനത്തില്‍ നിന്ന് കണ്ടെത്തി. പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കര്‍ണ്ണാടക രജിസ്‌ട്രേഷനില്‍ ഉള്ള വാഹനമാണ് പിടികൂടിയത്.
ദേശീയപാതയില്‍ രാജധാനി ജ്വല്ലറിയില്‍ ആണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. ഏഴംഗ സംഘം സുരക്ഷാ ജോലിക്കാരനായ അബ്ദുല്ലയെ തലക്കടിച്ച് കെട്ടിയിട്ട ശേഷം പൂട്ടു പൊളിച്ച് അകത്തു കയറുകയായിരുന്നു. തലയ്ക്കും കണ്ണിനും കാര്യമായി പരിക്കേറ്റ അബ്ദുല്ല ഇപ്പോള്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അന്തര്‍സംസ്ഥാന സംഘമാണ് മോഷണത്തിനു പിന്നിലെന്നാണ് സൂചന. രാത്രി ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലാണ് ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. അടുത്തുള്ള ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ കവര്‍ച്ച നടന്ന കാര്യം തിരിച്ചറിഞ്ഞതും പൊലീസില്‍ അറിയിച്ചതും. സുരക്ഷാ ജോലിക്കാരനെ അക്രമിച്ച് കെട്ടിയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്.