അഹ്മദാബാദ് സര്‍ക്കാര്‍ ആശുപത്രിയില്‍ കൊറോണ രോഗികള്‍ക്ക് മതം തിരിച്ച് ചികില്‍സ

Update: 2020-04-15 05:37 GMT

അഹ്മദാബാദ്: കൊറോണ രോഗികള്‍ക്ക് ഗുജറാത്തിലെ അഹ് മദാബാദില്‍ മതം തിരിച്ച് ചികില്‍സ. അഹ്മദാബാദ് സിവില്‍ ആശുപത്രിയിലാണ് മതവിശ്വാസമനുസരിച്ച് വാര്‍ഡുകള്‍ തരംതിരിച്ചിരിക്കുന്നത്. കൊറോണ രോഗികള്‍ക്ക് മൊത്തം 1200 കിടക്കകളാണ് ആശുപത്രിയിലുളളത്. അതാണ് വ്യത്യസ്ത മതവിഭാഗമനുസരിച്ച് വാര്‍ഡുകളായി തിരിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവനുസരിച്ചാണ് ഹിന്ദു മുസ്‌ലിം വിഭാഗങ്ങളെ വ്യത്യസ്ത വാര്‍ഡുകളിലാക്കിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഗുന്‍വന്ത് എച്ച് റാത്തോഡ് പറഞ്ഞു. എന്നാല്‍ ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ നിധിന്‍ പട്ടേല്‍ ഇത് നിഷേധിച്ചു.

''സാധാരണ ആശുപത്രിയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേറെവേറെ വാര്‍ഡുകളുണ്ടാവും. ഇപ്പോഴാണ് വ്യത്യസ്ത മതവിഭാഗങ്ങള്‍ക്ക് വേറെ വേറെ വാര്‍ഡുകള്‍ നീക്കിവച്ചത്.'' ഡോ. റാത്തോഡ് പറഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ തിരിച്ചതെന്നതിന് സര്‍ക്കാര്‍ ഉത്തവു പ്രകാരമാണെന്നായിരുന്നു ഡോക്ടറുടെ മറുപടി.

സാധാരണ നടപടിക്രമമനുസരിച്ച് കൊറോണ ബാധ സംശയിക്കുന്നവരെയും രോഗം സ്ഥിരീകരിച്ചവരെയും വേറെവേറെ വാര്‍ഡുകളിലാണ് പാര്‍പ്പിക്കേണ്ടത്. നിലവില്‍ ഈ ആശുപത്രിയില്‍ 186 പേരില്‍ 150 പേര്‍ കൊറോണ പോസറ്റീവ് ആണ്. അതില്‍ 40 പേര്‍ മുസ്‌ലിംകളാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ഇത്തരമൊരു തീരുമാനത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ഉപമുഖ്യമന്ത്രി സിഎം പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമാണ് വേറെവേറെ വാര്‍ഡുകള്‍ നീക്കിവയ്ക്കുക. ഇവിടെ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

അഹ്മദാബാദ് കലക്ടര്‍ കെ കെ നിരാലയും സംഭവം നിഷേധിച്ചു. ''അധികൃതരുടെ ഭാഗത്തുനിന്ന് ഇത്തരം നിര്‍ദേശങ്ങളൊന്നുമുണ്ടായിരുന്നില്ല. അങ്ങനെയൊരു ഉത്തരവിനെ കുറിച്ചും അറിയില്ല''.

അഹ്മദാബാദ് സിവില്‍ ആശുപത്രിയുടെ പുതിയ ബ്ലോക്ക് കൊവിഡ് 19 ചികില്‍സയ്ക്കായി പ്രത്യേകം മാറ്റിവച്ചിരിക്കുകയാണ്.

ഞായറാഴ്ച രാത്രിയിലാണ് രോഗികളെ തരംതിരിച്ചതെന്നാണ് അന്തേവാസികള്‍ പറയുന്നത്. രാത്രിയില്‍ ആദ്യത്തെ വാര്‍ഡില്‍ ആശുപത്രി അധികൃതര്‍ വന്ന് 28 പുരുഷന്മാരോട് പുറത്തുവരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അവരെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റി. എന്തുകൊണ്ടാണ് മാറ്റുന്നതെന്ന് പറഞ്ഞില്ലെങ്കിലും വായിച്ച പേരുകളെല്ലാം ഒരു മതവിശ്വാസികളില്‍ പെട്ടവരായിരുന്നു. രണ്ട് മതവിശ്വാസികളുടെയും സുരക്ഷയും സൗകര്യവും ഉറപ്പുവരുത്താനാണ് ഇതെന്ന് പിന്നീട് ആശുപത്രി അധികൃതര്‍ രോഗികളെ അറിയിച്ചു. 

Tags:    

Similar News