ന്യൂഡല്‍ഹി: റഫാലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കൂറുപുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. അത്തരം ഉദ്യോഗസ്ഥരെ നിരീക്ഷിച്ചുവരികയാണെന്നും അവര്‍ക്ക് തിരിച്ചടികള്‍ നേരിടേണ്ടിവരുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.
റഫാല്‍ ഇടപാടില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ രാജീവ് മെഹറിഷി മോദി സര്‍ക്കാരിനെ കുറ്റവിമുക്തമാക്കാന്‍ ശ്രമം നടത്തുന്നതായി വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഫാല്‍ ഇടപാട് നടക്കുന്ന കാലത്ത് ഇപ്പോഴത്തെ സിഎജി ആയ രാജീവ് മെഹര്‍ഷി ആയിരുന്നു ഫൈനാന്‍സ് സെക്രട്ടറി. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് റഫാല്‍ ഇടപാടുകള്‍ മുഴുവന്‍ നടന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ തയ്യാറാക്കുന്ന സിഎജി റിപ്പോര്‍ട്ട് സര്‍ക്കാരിനെ പൂര്‍ണമായും കുറ്റവിമുക്തമാക്കാനാണ് ശ്രമിക്കുകയെന്നും സിബല്‍ ആരോപിച്ചു. പ്രധാനമന്ത്രിയോട് അതിരുകവിഞ്ഞ കൂറും വിധേയത്വവും കാട്ടുന്ന ഉദ്യോഗസ്ഥരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മറ്റെന്തിനേക്കാളും ഭരണഘടനയാണ് വലുതെന്ന് അവര്‍ ഓര്‍മിക്കണം കപില്‍ സിബല്‍ പറഞ്ഞു.