മെഹബൂബ മുഫ്തിയെ എത്രകാലം തടങ്കലില്‍ വെക്കാനാണ് ഉദ്ദേശം? സര്‍ക്കാറിനോട് സുപ്രിം കോടതി
മെഹബൂബ മുഫ്തിയെ ജമ്മു കശ്മീര്‍ പബ്ലിക് സേഫ്റ്റി ആക്റ്റ് (പിഎസ്എ) പ്രകാരം തടങ്കലില്‍ വയ്ക്കുന്നത് ചോദ്യം ചെയ്ത് മുഫ്തിയുടെ മകളായ ഇല്‍റ്റിജ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് സുപ്രിം കോടതിയുടെ ഇടപെടല്‍.
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ തടങ്കലില്‍ വയ്ക്കുന്നത് തുടരാന്‍ നിര്‍ദ്ദേശിക്കുന്നുണ്ടോയെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. മുഫ്തിയുമായി ബന്ധപ്പെട്ട തീരുമാനം അറിയിക്കണമെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബഞ്ച് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
'നിങ്ങള്‍ ഞങ്ങളെ രണ്ട് വിഷയങ്ങള്‍ അറിയിക്കണം. ഒന്ന്, ഒരു വ്യക്തിയെ തടവിലാക്കാന്‍ കഴിയുന്ന പരമാവധി കാലയളവ് ഏതാണ്, രണ്ട്, നിങ്ങളുടെ തീരുമാനം എന്താണ്, തടങ്കല്‍ എത്ര കാലത്തോളമാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് ?' 'ജസ്റ്റിസ് കൗള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചോദിച്ചു.
മെഹബൂബ മുഫ്തിയെ ജമ്മു കശ്മീര്‍ പബ്ലിക് സേഫ്റ്റി ആക്റ്റ് (പിഎസ്എ) പ്രകാരം തടങ്കലില്‍ വയ്ക്കുന്നത് ചോദ്യം ചെയ്ത് മുഫ്തിയുടെ മകളായ ഇല്‍റ്റിജ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് സുപ്രിം കോടതിയുടെ ഇടപെടല്‍. ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കിയതിനു ശേഷം 2019 ഓഗസ്റ്റ് 5 മുതല്‍ മെഹ്ബൂബ മുഫ്തി തടങ്കലിലാണ്. തടങ്കലില്‍ നിന്നും മോചിതയാകുകയാണെങ്കില്‍, ജമ്മു കശ്മീരിലെ സമീപകാല സംഭവങ്ങളുമായി ബന്ധപ്പെട്ട ഒന്നും പറയില്ലെന്ന കരാറില്‍ ഒപ്പിടാന്‍ മുഫ്തി വിസമ്മതിച്ചതിനാലാണ് തടങ്കലില്‍ തുടരുന്നതെന്ന് ഇല്‍റ്റിജ ആരോപിച്ചു.