തീവ്രവാദം പരിഹരിക്കാന്‍ യുഎപിഎ ഉപകരിക്കില്ല: പോണ്ടിച്ചേരി സുഗുമാരന്‍

യുഎപിഎ; രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എന്‍സിഎച്ച്ആര്‍ഒ ഗാന്ധിപാര്‍ക്കില്‍ പൊതുസമ്മേളനം സംഘടിപ്പിച്ചു

Update: 2021-03-22 18:30 GMT

തിരുവനന്തപുരം: തീവ്രവാദം പരിഹരിക്കാന്‍ യുഎപിഎ ഉപകരിക്കില്ലെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പോണ്ടിച്ചേരി സുഗുമാരന്‍. യുഎപിഎ; രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എന്‍സിഎച്ച്ആര്‍ഒ ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീവ്രവാദം യുഎപിഎ നിയമത്താല്‍ പരിഹരിക്കപ്പെടേണ്ടതല്ല. സാമൂഹ്യ പ്രശ്‌നങ്ങളുടെ പരിഹാരത്തിലൂടെ മാത്രമേ തീവ്രവാദം ഇല്ലാതാക്കാന്‍ കഴിയൂ. ടാഡയും, പോട്ടയും ഭരണഘടനയിലെ അടിസ്ഥാന മൗലിക അവകാശങ്ങള്‍ക്ക് എതിരായിരുന്നു. അത് ജനാധിപത്യ പോരാട്ടത്തിലൂടെ ഇല്ലാതായി. മുസ്‌ലിങ്ങളും, മാവോവാദികള്‍ എന്ന് മുദ്രകുത്തപ്പെടുന്നവരുമാണ് ഏറ്റവും കൂടുതല്‍ തടവറകളില്‍ അടയ്ക്കപ്പെടുന്നത്. ചിന്തകള്‍ പ്രവര്‍ത്തിയിലേക്ക് നയിക്കുമ്പോഴാണ് അത് കുറ്റകൃത്യം ആണോ അല്ലയോ എന്ന് മനസിലാകുന്നത്. എന്നാല്‍ യുഎപിഎയില്‍ ചിന്തിക്കുന്നത് തന്നെ കുറ്റമാണ്. കോണ്‍ഗ്രസ് കൊണ്ട് വന്ന, ബിജെപി ഭേദഗതി ചെയ്ത നിയമം, ഇടതുപക്ഷം കേരളത്തില്‍ നടപ്പാക്കുകയാണ് ചെയതതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.



 

സമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗം കരമന അഷ്‌റഫ് മൗലവി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തന്‍സീര്‍ ലത്തീഫ്, മൈനോറിറ്റി റ്റൈറ്റ്‌സ് വാച്ച് പ്രതിനിധി അഡ്വ. ഷാനവാസ്, അബ്ദുല്‍ കരീം മാസ്റ്റര്‍ ഈരാറ്റുപേട്ട, എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി റെനി ഐലിന്‍, എ എം ഷാനവാസ് എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News