ഗുലാബ് ചുഴലിക്കാറ്റ്: പാതിരാത്രിയോടെ ഇന്ത്യന്‍ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദത്തെത്തുടര്‍ന്ന് രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ഞായറാഴ്ച പാതിരാത്രിയോടെ ഒഡീഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒഡീഷയുടെ ഗോപാല്‍പൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയായി ഞായറാഴ്ച വൈകീട്ട് ആറോടെ കാറ്റ് വീശാന്‍ തുടങ്ങും.
ഗോപാല്‍പൂരില്‍ നിന്ന് നൂറ് കിലോമീറ്ററും കലിംഗപട്ടണത്തിന് 85 കിലോമീറ്റര്‍ അകലെയുമായാണ് കാറ്റ് അടിക്കാന്‍ തുടങ്ങുക.
ഗുലാബ് ചുഴലിക്കാറ്റിനെ നേരിടുന്നതിനുള്ള ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി അവലോകനയോഗം വിളിക്കണമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് പറഞ്ഞു. ഈ മാസം സംസ്ഥാനത്തെത്തുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഗുലാബ്.
സംസ്ഥാനത്തെ 10 ജില്ലകളില്‍ ഗുലാബ് കടന്നുപോകുമെന്നാണ് കരുതുന്നത്.
ഒഡീഷയിലെ ഏഴ് ജില്ലകളെ ശക്തമായി ബാധിക്കും. ഗന്‍ജം, റയഗഡ, മാല്‍ക്കംഗിരി തുടങ്ങിയ ജില്ലകളിലാണ് കൂടുതല്‍ നാശം വിതക്കാന്‍ സാധ്യത. 103 ഫയര്‍ സര്‍വീസ് വാഹനങ്ങള്‍, 42 സ്‌ക്വാഡ് ദുരന്തനിരവാരണ സേന എന്നിവയെ നിയോഗിച്ചിട്ടുണ്ട്.
സമാനമായ ഒരുക്കങ്ങള്‍ ആന്ധ്രയിലും പൂര്‍ത്തിയായതായി മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.