ഗുലാബ് ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നു
വടക്കന്‍ ആന്ധ്രാപ്രദേശില്‍ ചുഴലിക്കാറ്റ് അഗാധമായ ന്യൂനമര്‍ദ്ദമായി മാറി
ഹൈദരാബാദ്: ഗുലാബ് ചുഴലിക്കാറ്റിന്റെ തീവ്രത കുറയുന്നു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കലിംഗപട്ടണം ടൗണിനടുത്തുള്ള മിഡുഗുഡ, തോകാളി ഗ്രാമങ്ങളില്‍ ചുഴലിക്കാറ്റ് എത്തിയെന്ന് ഐഎംഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കരയിലേക്കെത്തുന്ന സമയത്ത്, കലിംഗപട്ടണത്ത് ചുഴലിക്കാറ്റിന്റെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 90 കിലോമീറ്ററായിരുന്നു. ഒഡീഷയിലെ ഗോപാല്‍പൂരില്‍ 30 കിലോമീറ്റര്‍ വേഗം മാത്രമാണ് ചുഴലിക്കാറ്റിനുള്ളത്. എന്നിരുന്നാലും ഇന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കന്‍ ആന്ധ്രാപ്രദേശില്‍ ചുഴലിക്കാറ്റ് അഗാധമായ ന്യൂനമര്‍ദ്ദമായി മാറി, പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി മാറുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഒഡീഷയിലും ആന്ധ്രാപ്രദേശിലും ഗുലാബ് ചുഴലിക്കാറ്റ് രണ്ട് സംസ്ഥാനങ്ങളുടെയും തീരപ്രദേശത്ത് ഞായറാഴ്ച വൈകീട്ട് ആഞ്ഞടിച്ചിരുന്നു. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ ഒരാള്‍ ഒലിച്ചുപോയതായും ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയില്‍ നിന്നുള്ള രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടതായും മറ്റൊരാളെ കാണാതായതായും അധികൃതര്‍ അറിയിച്ചു.
ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 34 ജോഡി ട്രെയിനുകള്‍ റദ്ദാക്കുകയും 13 ട്രെയിനുകള്‍ പുനഃക്രമീകരിക്കുകയും 17 ട്രെയിനുകളെങ്കിലും വഴിതിരിച്ചുവിടുകയും ചെയ്തു.
വിജയവാഡഹൗറ റൂട്ടിലെ എട്ട് ട്രെയിനുകള്‍ ഖരഗ്പൂര്‍, ജാര്‍സുഗുഡ, ബിലാസ്പൂര്‍, ബല്‍ഹര്‍ഷ വഴി തിരിച്ചുവിട്ടതായി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ പ്രസ്താവനയില്‍ അറിയിച്ചു. ഞായറാഴ്ച യാത്ര ആരംഭിക്കേണ്ട മറ്റ് രണ്ട് ട്രെയിനുകള്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി.
അടുത്ത രണ്ട് ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളോട് വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും പോകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.