ഭാര്യയെയും ആണ്‍ സുഹൃത്തിനെയും ഭര്‍ത്താവ് പെട്രോളൊഴിച്ച് കത്തിച്ച സംഭവം: ബിസിനസ് തര്‍ക്കമാണ് കാരണമെന്ന് പോലിസ്

തന്റെ മൂലധനമായ ഒന്നരലക്ഷം രൂപ നല്‍കിയാല്‍ പിരിഞ്ഞുപോകാമെന്നാണ് അനിലയുടെ ആണ്‍ സുഹൃത്ത് പറഞ്ഞത്.

Update: 2024-12-04 01:03 GMT

കൊല്ലം: തഴുത്തല സ്വദേശി അനിലയെ ഭര്‍ത്താവ് പെട്രോളൊഴിച്ച് കത്തിച്ച് കൊന്നതിന് കാരണം ബിസിനസ് പങ്കാളിത്തവുമായി ബന്ധപ്പെട്ട തര്‍ക്കം. ആശ്രമം പരിസരത്ത് അടുത്തിടെ അനില തുടങ്ങിയ ബേക്കറിയില്‍ കടപ്പാക്കട സ്വദേശിയായ ആണ്‍സുഹൃത്തിന് പങ്കാളിത്തമുണ്ടായിരുന്നു. ഇത് ഉടന്‍ ഒഴിയണമെന്നു അനിലയുടെ ഭര്‍ത്താവ് പത്മരാജന്‍ ആവശ്യപ്പെട്ടിരുന്നു.

മുടക്കിയ പണം തിരികെ നല്‍കിയാല്‍ പാര്‍ട്‌നര്‍ഷിപ്പ് വിടാമെന്നാണ് അനിലയുടെ സുഹൃത്ത് പറഞ്ഞിരുന്നത്. എന്നാല്‍, പത്മരാജനും അനിലയുടെ സുഹൃത്തും തമ്മില്‍ ഇക്കാര്യത്തെ ചൊല്ലി അടിപിടിയുണ്ടായി. ഇതിനിടെ പാര്‍ട്‌നര്‍ഷിപ്പ് തുക ഡിസംബര്‍ 10ന് തിരികെ തരാമെന്ന രീതിയില്‍ ഒത്തുതീര്‍പ്പും നടന്നു. ആദിച്ചനല്ലൂര്‍ പഞ്ചായത്ത് അംഗം സാജനാണ് സംഭവത്തില്‍ മധ്യസ്ഥത വഹിച്ചത്.

തന്റെ മൂലധനമായ ഒന്നരലക്ഷം രൂപ നല്‍കിയാല്‍ പിരിഞ്ഞുപോകാമെന്നാണ് അനിലയുടെ ആണ്‍ സുഹൃത്ത് പറഞ്ഞത്. തുടര്‍ന്ന്, ഈ മാസം പത്തിന് പണം നല്‍കാമെന്ന് പത്മരാജന്‍ സമ്മതിച്ചു. ഇങ്ങനെ ചൊവ്വാഴ്ച ഉച്ചയോടെ ഈ പ്രശ്‌നം രമ്യമായി പരിഹരിച്ചു.

എന്നാല്‍, ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി പത്മരാജന്‍ അനിലയെ തീ കൊളുത്തി കൊന്നത്. ബേക്കറിയിലെ ജീവനക്കാരനായ സോണി എന്ന യുവാവിനെ വീട്ടില്‍ കൊണ്ടുവിടാന്‍ പോകുമ്പോഴായിരുന്നു ആക്രമണം. ബേക്കറി അടച്ചശേഷം അനില കാറില്‍ വരുന്നതും നോക്കി പത്മരാജന്‍ സമീപത്ത് കാത്തുകിടക്കുന്നുണ്ടായിരുന്നു. ചെമ്മാന്‍മുക്ക് ജംക്ഷനില്‍ കാര്‍ എത്തിയപ്പോള്‍ തന്റെ വാന്‍ അനിലയുടെ കാറിന്റെ മുന്‍വശത്ത് ഇടിച്ചു നിര്‍ത്തിയ ശേഷം വാനില്‍ ഇരുന്നുകൊണ്ടു തന്നെ ബക്കറ്റില്‍ കരുതിയിരുന്ന പെട്രോള്‍ കാറിലേക്ക് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

ഇറങ്ങി രക്ഷപ്പെടാന്‍ കഴിയാത്ത വിധം കാറില്‍ കുടുങ്ങിയ അനില പൊള്ളലേറ്റു തല്‍ക്ഷണം മരിച്ചു. പൊള്ളലുകളോടെ കാറില്‍നിന്ന് ഇറങ്ങിയോടിയ സോണിയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ പത്മരാജന്‍ ഓട്ടോറിക്ഷയില്‍ കയറി സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Similar News