ഇന്ത്യന്‍ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയില്‍; നയപരമായ നടപടികള്‍ ആവശ്യപ്പെട്ട് ഐഎംഎഫ്

ആഗോള സമ്പദ്ഘടനയുടെ ഒരു പ്രധാന ഘടകമെന്ന നിലയില്‍ ഇന്ത്യന്‍ സമ്പദ് ഘടനയുടെ തകര്‍ച്ചയില്‍ ബാങ്ക് ആശങ്ക രേഖപ്പെടുത്തി.

Update: 2019-12-24 05:33 GMT

വാഷിങ്ടണ്‍: തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ കൈകൊള്ളണമെന്ന് ഇന്ത്യയ്ക്ക് ഐഎംഎഫിന്റെ ഉപദേശം. താഴ്ന്നുകൊണ്ടിരിക്കുന്ന നിക്ഷേപ-ഉപഭോഗ നിരക്കും നികുതി വരുമാനവും ചേര്‍ന്ന് ലോകത്തെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. ഐഎംഎഫ് പുറത്തിറക്കിയ വാര്‍ഷിക റിപോര്‍ട്ടിലാണ് ഈ വിലയിരുത്തലുകളുള്ളത്. ആഗോള സമ്പദ്ഘടനയുടെ ഒരു പ്രധാന ഘടകമെന്ന നിലയില്‍ ഇന്ത്യന്‍ സമ്പദ് ഘടനയുടെ തകര്‍ച്ചയില്‍ ബാങ്ക് ആശങ്ക രേഖപ്പെടുത്തി.

ജനലക്ഷങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് വിമോചിപ്പിക്കാന്‍ ഇന്ത്യക്കായെങ്കിലും ഇപ്പോള്‍ ഇന്ത്യ അപകടകരമായ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നു. ഇപ്പോഴത്തെ ഈ മാന്ദ്യം മറികടക്കാനും പഴയ ഉയര്‍ന്ന വളര്‍ച്ചാ നിരക്കിലേക്ക് തിരികെയെത്താനും സര്‍ക്കാര്‍ നയപരമായ നടപടികള്‍ കൈകൊള്ളണമെന്നും ഐഎംഎഫിന്റെ ഏഷ്യ പെസഫിക് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ റനില്‍ സല്‍ഗാഡൊ ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ പരിഗണിച്ച് ഐഎംഎഫ് 2019 ലെ വളര്‍ച്ചാ നിരക്ക് ഒക്ടോബറില്‍ തന്നെ 6.1 ലേക്ക് താഴ്ത്തിയിരുന്നു.

ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യവും വളര്‍ച്ചാനിരക്കും ആശ്ചര്യപ്പെടുത്തുന്നതാണെന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതൊക്കെ പരിഗണിച്ച് അടുത്ത വര്‍ഷം പുറത്തുവരാനിരിക്കുന്ന വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്കില്‍ ഐഎംഎഫ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്കുകള്‍ താഴ്ത്തി നിശ്ചയിച്ചിരിക്കുകയാണ്.

ഉപഭോഗരംഗത്തെ തകര്‍ച്ചയും ഉല്പാദനപ്രവര്‍ത്തന രംഗത്തെ ഇടിവും പരിഗണിച്ച് ആര്‍ബിഐ 6.1 ശതമാനമായിരുന്ന വാര്‍ഷിക നിരക്ക് 5 ശതമാനമായി താഴ്ത്തി വച്ചിരുന്നു.


Similar News