മുംബൈ: വലിയ നാടകങ്ങള്‍ക്കൊടുവിലാണ് ശിവസേനയും കോണ്‍ഗ്രസ്സും എന്‍സിപിയും ചേര്‍ന്ന് മഹാരാഷ്ട്രയില്‍ ഒരു ഐക്യമുന്നണി രൂപീകരിച്ച് അധികാരം പിടിക്കുന്നത്. ഒരു ഘട്ടത്തില്‍ ബിജെപി അധികാരം തിരിച്ചുപിടിക്കുമോ എന്നു പോലും സംശയിച്ചു. അജിത് പവാറിനെ ചാക്കിലാക്കി ബിജെപി നടത്തിയ പദ്ധതി എന്‍സിപി നേതാവ് ശരത് പവാര്‍ പൊളിച്ചതും ബിജെപി- ശിവസേന ബന്ധം വഷളായതും പുതിയൊരു സാധ്യത തുറക്കുകയായിരുന്നു. കണ്ണുതുറന്ന് അടക്കുന്ന നേരം കൊണ്ട് ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി. ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍തന്നെ അധികാരത്തിലെത്തി. അജിത്ത് പവാറിനെ സംബന്ധിച്ച് സഖ്യം മാറിയെന്ന വ്യത്യാസമേയുണ്ടായിരുന്നുളളൂ. നേരത്തെ ബിജെപി ഉപമുഖ്യമന്ത്രിയാക്കിയതും അജിത് പവാറിനെത്തന്നെയായിരുന്നു.
അതവിടെ നില്‍ക്കട്ടെ. ഇക്കഴിഞ്ഞ ജൂണ്‍ ആദ്യവാരമാണ് ഉദ്ദവ് താക്കറെ ഡല്‍ഹിയിലേക്ക് വിമാനം പിടിക്കുന്നത്. മോദിയെ കണ്ട് മറാത്ത സംവരണം പോലുളള ചില വിഷയങ്ങള്‍ അവതരിപ്പിക്കാനെന്നായിരുന്നു പറഞ്ഞിരുന്നത്. എല്ലാവരും അത് വിശ്വസിച്ചു. എന്നാല്‍ പോയ ഉദ്ദവ് താക്കറെയല്ല തിരിച്ചുവന്നത്. ഉദ്ദവ് കളം മാറിക്കളിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് കേള്‍വി.
മുന്നണി തകര്‍ച്ചയിലേക്കു പോകുന്ന വിവരം മുന്‍ മുഖ്യമന്ത്രി പ്രഥ്വിരാജ് ചൗഹാന്റെ വായില്‍ നിന്നു തന്നെയാണ് മാധ്യമങ്ങള്‍ ആദ്യമായി മനസ്സിലാക്കിയത്. സംസ്ഥാനത്ത് ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി വേണമെന്നും സഖ്യത്തിലെ ഏറ്റവും വലിയ പാര്‍ട്ടി കോണ്‍ഗ്രസ്സ് ആണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
പറഞ്ഞ് നാവ് വായിലിടുന്നതിനു മുമ്പ് മറ്റൊരു കോണ്‍ഗ്രസ് നേതാവ് നാന പാതുലെ അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങള്‍ ഒറ്റക്ക് മല്‍സരിക്കുമെന്ന് ഉറപ്പിച്ചുപറഞ്ഞു. ശിവസേനയുമായുള്ള സഖ്യത്തിന്റെ കാലാവധി കഴിഞ്ഞെന്നും ബിജെപിയെ അധികാരത്തിനു പുറത്തുനിര്‍ത്താനായിരുന്നു സഖ്യമുണ്ടാക്കിയതെന്നും ഇതൊരു സ്ഥിരം സഖ്യമൊന്നുമല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എന്നാല്‍ സഖ്യം ഒറ്റക്കെട്ടാണെന്നും മറ്റെല്ലാ പ്രചാരണവും തെറ്റാണെന്നുമുള്ള ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവന നാനയുടെ പ്രസ്താവനയുടെ ചൂടാറും മുമ്പേ വന്നെങ്കിലും അത് എത്രത്തോളം വിശ്വസനീയമാണെന്ന് ആര്‍ക്കും ഉറപ്പില്ല. അഞ്ച് വര്‍ഷം തങ്ങള്‍ തികച്ചും ഭരിക്കുമെന്നാണ് റാവത്തിന്റെ ഉറപ്പ്.
കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങളോട് ഉദ്ദവ് ശിവസേനയുടെ വേദിയില്‍ മറുപടി കൊടുത്തു. ചിലര്‍ ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാതെ തിരഞ്ഞെടുപ്പിനെ കുറിച്ച് വേവലാതിപ്പെടുന്നു. ജനങ്ങളെ കേള്‍ക്കുന്നില്ലെങ്കില്‍ അവര്‍ ചെരിപ്പുകൊണ്ടടിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. എന്നാല്‍ ആരാണ് തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വച്ച് നീങ്ങുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചില്ല. സ്വന്തം പാര്‍ട്ടിക്കാര്‍ക്കുളള ഉപദേശമെന്ന മട്ടിലായിരുന്നു ഉദ്ദവിന്റെ ഇടപെല്‍.
ഉദ്ദവും മോദിയും തമ്മിലുളള യോഗത്തിന് രണ്ട് ദിവസത്തിനുശേഷം സേനയുടെ പ്രമുഖ നേതാവ് സഞ്ജയ് റാവത്ത് പ്രധാനമന്ത്രിയെ പുകഴ്ത്തിരംഗത്തുവന്നിരുന്നു. മോദിയാണ് രാജ്യത്തെ ഏറ്റവും പ്രമുഖനായ നേതാവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സേനയുടെ എംഎല്‍എ പ്രദീപ് സര്‍നായിക് അടുത്ത ദിവസം തന്നെ പരസ്യമായി രംഗത്തുവന്നു. ബിജെപിയോട് ചേരുന്നതാണ് ബുദ്ധിയെന്നാണ് അദ്ദേഹത്തിന്റെ ന്യായം. കാരണം അല്ലാത്തിടത്തോളം ബിജെപി കേന്ദ്ര സേനകളെ ഉപയോഗിച്ച് ശിവസേനക്കാരെ തകര്‍ക്കും. അത് നല്ലതല്ല!
ബിജെപിയുടെ ചന്ദ്രകാന്ത് പാട്ടീല്‍ ഇതിന് മറുപടി നല്‍കിയിട്ടുണ്ട്. സര്‍നായിക്കല്ല പാര്‍ട്ടിയുടെ മുഖമെന്നും ഉദ്ദവ് പറഞ്ഞാല്‍ ആലോചിക്കാമെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.