മാമ്പ്ര പ്രവാസി കൂട്ടായ്മ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു
മാള: മാമ്പ്ര പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്‍കിയ രണ്ടാമത് വീടിന്റെ താക്കോല്‍ദാനവും അകാലത്തില്‍ മരണപ്പെട്ട പ്രവാസി കൂട്ടായ്മ അംഗം ബിനോജ് കൈനിക്കരയുടെ കടുംബ സഹായ വിതരണവും എം എല്‍ എ മാരായ വി ആര്‍ സുനില്‍കുമാറും റോജി എം ജോണും ചേര്‍ന്ന് നിര്‍വ്വഹിച്ചു. മാമ്പ്ര പരേതനായ ചെമ്പാട്ട് ഇബ്രാഹിംകുട്ടിയുടെ ഭാര്യ നബീസക്കാണ് വീട് നിര്‍മിച്ചു നല്‍കിയത്.
2018 ലെ പ്രളയത്തെ തുടര്‍ന്ന് പരിസരപ്രദേശങ്ങളിലെ നാശനഷ്ടങ്ങള്‍ക്കിരയായവര്‍ക്ക് സഹായം നല്‍കുന്നതിന് രൂപീകരിച്ച വാട്ട്‌സപ്പ് ഗ്രൂപ്പാണ് ഇപ്പോള്‍ രണ്ട് വീടുകളുടെ നിര്‍മാണവും നിരവധി ചികില്‍സാ സഹായങ്ങളുമൊക്കെ നടത്തി സമൂഹത്തിലെ അശരണര്‍ക്കു കൈത്താങ്ങായി മുന്നോട്ട് പോകുന്നത്.
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ അഗ്‌നിക്കിരയായി മരണപ്പെട്ട പ്രവാസി ബിനോജ് കൈനിക്കര സ്വന്തം ഇല്ലായ്മയിലും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൊക്കെ തന്റേതായ രീതിയില്‍ സഹകരിച്ച വ്യക്തിയായിരുന്നു. വലിയ കടബാധ്യതയിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന് പ്രവാസി കൂട്ടായ്മയിലെ അംഗങ്ങള്‍ സ്വരൂപിച്ച തുക എംഎല്‍എമാര്‍ കൈമാറി.
ചടങ്ങില്‍ പ്രവാസി കൂട്ടായ്മ പ്രവര്‍ത്തകന്‍ ഫസല്‍ അമ്മുണ്ണി അദ്ധ്യക്ഷത വഹിച്ചു. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ടൈറ്റസ്, മുന്‍ എം എല്‍ എ ടി യു രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ മിനിതാ ബാബു, ടി വി ഭാസ്‌കരന്‍, കെ കെ രവി നമ്പൂതിരി, കൊരട്ടി എസ് ഐ സി കെ സുരേഷ്, പ്രവാസി കൂട്ടായ്മ പ്രവര്‍ത്തകരായ സാബു തണ്ടപ്പിള്ളി, നിലാഫര്‍, കിഫില്‍, മുഹമ്മദ് റാഫി, ഷിയാദ്, അര്‍ഫസ് ഷാ തുടങ്ങിയവര്‍ സംസാരിച്ചു. കൊറോണ മൂലം രോഗ ഭീതിയുടെയും ജോലി നഷ്ടപ്പെടലിന്റെയും ശമ്പളം വെട്ടി കുറയ്ക്കലിന്റെയും ഒക്കെ നടുവില്‍ നില്‍ക്കുമ്പോഴും നാടിനെയും നാട്ടുകാരെയും സഹായിക്കാനുള്ള പ്രവാസിയുടെ നന്മമനസ്സിനെ ചടങ്ങില്‍ പങ്കെടുത്തവരൊക്കെ പ്രശംസിച്ചു.