ഇന്ത്യന്‍ ലെതര്‍-ഫൂട്‌വെയര്‍ കയറ്റുമതിയില്‍ വര്‍ധന: വാനാ മേഖലയില്‍ 20%; യുഎഇയില്‍ 31.72%

ഇന്ത്യന്‍ ഫൂട്‌വെയര്‍ & ലെതര്‍ ഉല്‍പന്ന പ്രദര്‍ശനം ഡിസം.13, 14ന് ദുബായില്‍

Update: 2022-12-12 15:10 GMT

ദുബായ്: ഡിസംബര്‍ 13, 14 തീയതികളില്‍ ഇന്ത്യാ ഫൂട്‌വെയര്‍-ലെതര്‍ ഉല്‍പന്ന പ്രദര്‍ശനം ദുബായില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വിപണികളിലേക്കുള്ള സര്‍ക്കാറിന്റെ കയറ്റുമതി പ്രോല്‍സാഹന യജ്ഞത്തിന്റെ ഭാഗമായാണ് ഈ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരിക്ക് ശേഷമുണ്ടായ സാമ്പത്തിക ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഭാഗമായി വിപണികള്‍ തയാറെടുത്ത സാഹചര്യത്തിലാണ് ഇത്തരമൊരു പ്രദര്‍ശനമെന്നും, ഇന്ത്യന്‍ കയറ്റുമതിക്ക് അനുയോജ്യമായ സമയത്താണ് ഇത് സംഘടിപ്പിച്ചിരിക്കുന്നതെന്നും വെരിഫെയര്‍ മാനേജിംഗ് ഡയറക്ടര്‍ ജീന്‍ ജോഷ്വ പറഞ്ഞു. ഈ ഷോയുടെ ഭാഗമാകുന്നതിന് ഇന്ത്യന്‍ കയറ്റുമതിക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണുള്ളത്. അതിനാല്‍ തന്നെ ദുബായ് ഷോ വന്‍ വിജയമായിരിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. 

പശ്ചിമേഷ്യന്‍-ഉത്തരാഫ്രിക്കന്‍ (വാനാ) മേഖലയിലേക്കുള്ള ഇന്ത്യന്‍ ഫൂട്‌വെയര്‍, ലെതര്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ 2022 ധനകാര്യ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 20 ശതമാനത്തിന്റെ വന്‍ വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൗണ്‍സില്‍ ഫോര്‍ ലെതര്‍ എക്‌സ്‌പോര്‍ട്‌സ് (സിഎല്‍ഇ) വ്യക്തമാക്കുന്നു. യുഎഇ വിപണിയാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. സൗദി തൊട്ടു പിറകിലുണ്ട്. 

''ഈ മേഖലയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി വളര്‍ച്ച യുഎഇയില്‍ വിശേഷിച്ചും സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി(സിഇപിഎ)യുള്ളതിനാല്‍ ഗണ്യമായി വര്‍ധിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതേസമയം, സമാനമായ വ്യാപാര സഖ്യങ്ങള്‍ ജിസിസിയിലെയും മറ്റുമുള്ള രാജ്യങ്ങളുമായി സമീപ ഭാവിയില്‍ ഉണ്ടാവാനിടയുണ്ട്. പാദരക്ഷകളുടെയും തുകല്‍ കയറ്റുമതിയുടെയും കാര്യത്തില്‍, ഈ വര്‍ഷത്തെ നിലവിലെ 3.78 ശതമാനത്തില്‍ നിന്ന് 'വാനാ'യുടെ ഉയര്‍ന്ന വിപണി വിഹിതത്തിലേക്കുള്ള പാതയിലാണ് ഞങ്ങള്‍'' -ഇന്ത്യാ ഫൂട്‌വെയര്‍-ലെതര്‍ പ്രൊഡക്റ്റ്‌സ് ഷോ 2022 ഉദ്ഘാടനം ചെയ്തു കൊണ്ട് സിഎല്‍ഇ ചെയര്‍മാന്‍ സഞ്ജയ് ലീഖ പറഞ്ഞു. 

സിഎല്‍ഇ ഡാറ്റ പ്രകാരം, 2021-'22 സാമ്പത്തിക വര്‍ഷത്തില്‍ 'വാന'യിലേക്കുള്ള ഇന്ത്യന്‍ പാദരക്ഷകളും തുകല്‍ കയറ്റുമതിയും 677.30 മില്യന്‍ ദിര്‍ഹമിന്റേത് (180.40 മില്യന്‍ ഡോളര്‍) ആയിരുന്നു. മൊത്തം ആഗോള കയറ്റുമതിയായ 4,872.70 മില്യന്‍ ഡോളറില്‍ നിന്നാണിത്.

പ്രസ്തുത മേഖലയില്‍ യുഎഇയും സൗദി അറേബ്യയുമാണ് പ്രധാന വിപണികള്‍. സേപ ധാരണയനുസരിച്ച്, പാദരക്ഷകള്‍ക്കും തുകല്‍ ഉല്‍പന്നങ്ങള്‍ക്കും ഒട്ടും തീരുവ ഇല്ല. 

ഗണ്യമായ വളര്‍ച്ചയോടെ ഇത് ഇന്ത്യന്‍ കയറ്റുമതിയില്‍ കാര്യമായ മാറ്റമുണ്ടാക്കും -അദ്ദേഹം നിരീക്ഷിച്ചു. ദുബായ് ആസ്ഥാനമായ വെരിഫെയര്‍ സംഘടിപ്പിച്ച ഈ പ്രദര്‍ശനം മേഖലയിലേക്കുള്ള ഉയര്‍ന്ന ഇന്ത്യന്‍ കയറ്റുമതിക്ക് വഴി തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

2022ന്റെ ആദ്യ പാദത്തില്‍ യുഇയിലേക്കുള്ള ഇന്ത്യന്‍ പാദരക്ഷകളുടെയും തുകല്‍ ഉല്‍പന്നങ്ങളുടെയും കയറ്റുമതിയില്‍ 387.4 മില്യന്‍ ദിര്‍ഹം (105.48 മില്യന്‍ ഡോളര്‍) മൂല്യത്തില്‍ 31.72 ശതമാനം വളര്‍ച്ചയുണ്ടായി. 2021-'22ല്‍ ഇത് 80.05 മില്യന്‍ ഡോളറായിരുന്നു. സൗദി അറേബ്യയിലേക്കുള്ള കയറ്റുമതി ഇക്കൊല്ലം 28.56 മില്യന്‍ ഡോളറിന്റേതായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 23.23 ഡോളറിന്റേതായിരുന്നു. 22.94 ശതമാനം വര്‍ധനയാണുണ്ടായത്. 

വ്യാപാര കരാറുകള്‍ക്ക് പറമെ കേന്ദ്ര സര്‍ക്കാര്‍ വിപണി പ്രോല്‍സാഹന പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന് സിഎല്‍ഇ ചെയര്‍മാന്‍ വെളിപ്പെടുത്തി. പരിസ്ഥിതിയെ കുറിച്ചും മാന്യമായ വ്യാപാര രീതികള്‍ സംബന്ധിച്ചും അവബോധം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ തുകല്‍ വ്യവസായം സുസ്ഥിര നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഇവയില്‍ ഭൂരിഭാഗവും കോമണ്‍ എഫ്‌ളുവന്റ് ട്രീറ്റ്‌മെന്റ് പ്‌ളാന്റുകളുമായി (സിഇടിപി) ബന്ധിപ്പിച്ചിരിക്കുന്നു. ഏറ്റവും ഉയര്‍ന്ന പാരിസ്ഥിതിക നിലവാരം നിലനിര്‍ത്താനായി ഇവയെ ഇപ്പോള്‍ നവീകരിക്കുകയാണ്. 

''2020-'21ല്‍ കയറ്റുമതി 28 ശതമാനം കുറഞ്ഞപ്പോള്‍ കോവിഡ് മുഖനയുണ്ടായ മാന്ദ്യത്തില്‍ നിന്ന് ഞങ്ങള്‍ കര കയറുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയറ്റുമതിയില്‍ മൊത്തം 32 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വളര്‍ച്ചാ പ്രവണത ഈ വര്‍ഷവും തുടരുകയാണ്'' -ലീഖ പറഞ്ഞു.

വ്യാപാരത്തെ ബാധിച്ച യൂറോപ് പോലുള്ള വിപണികളില്‍ പോലും, താത്കാലികവും സമീപ ഭാവിയില്‍ വളരാന്‍ സാധ്യതയുള്ളതുമായ ഘട്ടമാണെന്ന ആത്മവിശ്വാസത്തോടെയാണ് വിപണി പ്രവര്‍ത്തനങ്ങള്‍ തുടരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യന്‍ കയറ്റുമതിക്കാരുമായി പങ്കാളിത്തത്തിനായി വാനാ മേഖലയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വ്യാപാര സന്ദര്‍ശകരെ ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്. ഈ ഷോയിലൂടെ പലര്‍ക്കും മിഡില്‍ ഈസ്റ്റിലെത്താനും വിപുലീകരിക്കാനുമുള്ള അവസരമാണ് കൈവന്നിരിന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 


Similar News