മന്ത്രി വാസവനും സിപിഎം സെക്രട്ടറി വിജയരാഘവനും എരിതീയില്‍ എണ്ണയൊഴിക്കുന്നുവെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ

Update: 2021-09-20 07:56 GMT

ജിദ്ദ: വര്‍ഗീയ വിദ്വേഷം വളരുന്ന തരത്തില്‍ പ്രസംഗിക്കുകയും ആരോപണം ഉന്നയിക്കുകയും ചെയ്ത പാലാ ബിഷപ്പിനെതിരെ കേസെടുക്കാതെ അദ്ദേഹത്തെ പുണ്യപുരുഷനാക്കി വാഴിക്കുന്ന സര്‍ക്കാര്‍ നടപടി സത്യപ്രതിജ്ഞാ ലംഘമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ആലിക്കോയ ചാലിയം പറഞ്ഞു. ഒരു തെളിവുമില്ലാതെ മറ്റൊരു മതവിഭാഗത്തെ കുറ്റക്കാരാക്കുന്നയാളെ പണ്ഡിതനാക്കി വാഴിക്കാനിറങ്ങിയ മന്ത്രി വി.എന്‍. വാസവനും പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം ദുരുദ്ദേശത്തോടെയല്ലെന്നുള്ള സിപി.എം സെക്രട്ടറി വിജയരാഘവന്റെ വെള്ളപൂശലും എരിതീയില്‍ എണ്ണയൊഴിക്കുന്നതിനു തുല്യമാണെന്നും അദേഹം പറഞ്ഞു. സോഷ്യല്‍ ഫോറം മക്ക റോഡ് ബ്ലോക്ക് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ചട്ടുകങ്ങളായി വര്‍ത്തിക്കുന്നവരെ സംരക്ഷിക്കുകയും സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കുറ്റക്കാരാക്കി കേസെടുക്കുകയും ചെയ്യുന്ന ഇടതു കപട മുന്നണിയുടെ വഞ്ചനാപരമായ നടപടി സമൂഹം തിരിച്ചറിയണമെന്നും യോഗം ആഹ്വാനം ചെയ്തു. എന്നാല്‍ കുറ്റമേല്‍ക്കേണ്ടി വരുന്ന മതവിഭാഗത്തിലെ ഉത്തരവാദപ്പെട്ടവരുടെ അഴകൊഴമ്പന്‍ നിലപാടുകള്‍ വിദ്വേഷപ്രചാരകര്‍ക്ക് ഊര്‍ജ്ജം പകരുന്ന തരത്തിലാണ്. നാടിന്റെ പല ഭാഗത്തു നിന്നും പ്രതിഷേധമുണ്ടായിട്ടും കള്ളപ്രചാരണത്തെ സംബന്ധിച്ച സര്‍ക്കാര്‍ അന്വേഷിക്കാതിരിക്കുന്നത് അപലപനീയമാണ്. ഒരു തെളിവ് പോലുമില്ലാതെ സംഘപരിവാറിന്റെ വര്‍ഷങ്ങളായുള്ള കള്ളപ്രചാരണങ്ങള്‍ ഏറ്റു പിടിക്കുന്ന ഇത്തരം ആളുകളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം ഇടതുഭരണകൂടത്തിന്റെ ഉള്ളിലിരിപ്പ് വ്യക്തമാക്കുന്നതാണ്. കലാപാഹ്വാനം നടത്തുന്ന സംഘപരിവാര ഭീകരര്‍ക്കും അവരുടെ ഓരം ചേര്‍ന്ന് വിദ്വേഷം വളര്‍ത്തുന്ന ദുശ്ശക്തികള്‍ക്കുമെതിരേ ചെറുവിരലനക്കാന്‍ തയ്യാറാകാത്ത പിണറായി സര്‍ക്കാര്‍, നാടിന് നാണക്കേടാണെന്നും യോഗം അഭിപ്രായപ്പെട്ടു. 

സോഷ്യല്‍ ഫോറം മക്ക റോഡ് ബ്ലോക്കിന്റെ പുതിയ ഭാരവാഹികളായി അയ്യൂബ് അഞ്ചച്ചവിടി(പ്രസിഡന്റ്), ഷാഹിദ് കാമ്പ്രന്‍ (സെക്രട്ടറി), റാഫി ചേളാരി( വൈസ് പ്രസിഡന്റ്), അബ്ദുല്‍ റഊഫ് ചാപ്പനങ്ങാടി, ഹിജാസ് തലശ്ശേരി (ജോയിന്റ് സെക്രട്ടറിമാര്‍), മുഹമ്മദലി വേങ്ങര, ശിഹാബ് പാണ്ടിക്കാട് (എക്‌സി. മെമ്പര്‍മാര്‍) എന്നിവരെ തിരഞ്ഞെടുത്തു. ആലിക്കോയ ചാലിയം, ഷാഹുല്‍ ഹമീദ് എം. എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.  

Tags:    

Similar News