യുഎസില്‍ വീണ്ടും വെടിവെപ്പ്;മൂന്ന് മരണം,അക്രമിയെ വെടിവച്ചു കൊന്നു
യുഎസിലെ വിവിധ പ്രദേശങ്ങളിലുണ്ടായ വെടിവെപ്പുകളില്‍ ഇതുവരെ ഏകദേശം 40,000 മരണങ്ങള്‍ സംഭവിച്ചതായാണ് റിപോര്‍ട്ട്
വാഷിങ്ടണ്‍: യുഎസിലെ ഇന്‍ഡ്യാനയിലെ ഷോപ്പിംങ് മാളില്‍ വെടിവെപ്പ്. മൂന്ന് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയെ വെടിവച്ച് കൊലപ്പെടുത്തിയതായി ഗ്രീന്‍വുഡ് മേയര്‍ മാര്‍ക്ക് മയേഴ്‌സ് അറിയിച്ചു.
ഞായറാഴ്ചയാണ് സംഭവം. ഇന്‍ഡ്യാനയിലെ ഗ്രീന്‍വുഡ് പാര്‍ക്ക് മാളിലെ ഫുഡ് കോര്‍ട്ടിലാണ് വെടിവെപ്പുണ്ടായത്.അക്രമി ഒറ്റക്കായിരുന്നുവെന്നാണ് റിപോര്‍ട്ട്.ഇയാളുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.നിയമപരമായി തോക്ക് കൈവശം വെച്ചിരുന്ന 22കാരനാണ് അക്രമിയെ വെടിവച്ചു കൊന്നതെന്ന് ഗ്രീന്‍വുഡ് പോലിസ് ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് ജിം ഐസണ്‍ പറഞ്ഞു. അക്രമിയുടെ കയ്യില്‍ ഒരുപാട് തോക്കുകളുണ്ടായിരുന്നതായും പോലിസ് പറഞ്ഞു.സംഭവ സ്ഥലത്ത് വെച്ച് തന്നെ അക്രമി കൊല്ലപ്പെട്ടതായി പോലിസ് അറിയിച്ചു.
ഫുഡ്‌കോര്‍ട്ടിന് സമീപമുള്ള ശുചിമുറിയില്‍ നിന്നും സംശയാസ്പദമായ ഒരു ബാഗ് പോലിസിന് ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ ഇന്‍ഡ്യാന മെട്രോപൊളിറ്റന്‍ പോലിസും മറ്റ് ഏജന്‍സികളും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്.യുഎസിലെ വിവിധ പ്രദേശങ്ങളിലുണ്ടായ വെടിവെപ്പുകളില്‍ ഇതുവരെ ഏകദേശം 40,000 മരണങ്ങള്‍ സംഭവിച്ചതായാണ് റിപോര്‍ട്ട്.