കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടന്‍ എന്ന് സൂചന

Update: 2021-06-12 08:24 GMT

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടന്‍ നടന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്ത്ര മന്ത്രി അമിത് ഷായും ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയും ഏതാനും ദിവസമായി തലസ്ഥാനത്ത് നിരവധി തവണ യോഗം ചേര്‍ന്നിരുന്നു. നദ്ദ ഏതാനും ആഴ്ചകളായി പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിക്കുന്നുമുണ്ട്.

എന്‍ഡിഎയിലെ ഘടകകക്ഷികളിലെ പ്രധാനികളില്‍ ചിലരെ ഉടന്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന സൂചന ബിജെപി നേതാക്കളും നല്‍കിയിട്ടുണ്ട്.

ശിവസേനയും ശിരോമണി അകാലിദളും എന്‍ഡിഎ വിട്ടതോടെ നിരവധി വകുപ്പുകളില്‍ ഒഴിവുണ്ട്. ജന്‍ ലോക്ശക്തി പാര്‍ട്ടിയിലെ രാംവിലാസ് പസ്വാന്റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകളും ഒഴിഞ്ഞുകിടക്കുകയാണ്.

അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുതിര്‍ന്ന നേതാവായ ജ്യോതിരാദിത്യ സിന്ധ്യ എന്നിവരെ ഉല്‍പ്പെടുത്തിയേക്കുമെന്ന് ചില സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്.

മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രസിങ് റാവത്ത് ഏതാനും ദിവസം മുമ്പ് പ്രധാനമന്ത്രിയെ കണ്ടിരുന്നു.

ജനതാദള്‍ യുണൈറ്റഡിലെ ഒരാള്‍ക്കും സാധ്യത കല്‍പ്പിക്കുന്നുണ്ട്.

യുപി തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അപ്‌ന ദളിലെ നേതാവ് അനുപ്രിയയാണ് പരിഗണിക്കുന്ന മറ്റൊരാള്‍. അനുപ്രിയയും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.

പ്രധാനമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന ചില വകുപ്പുളിലും മാറ്റം വന്നേക്കും. പല വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ ഭാരം കുറയ്ക്കാനും സാധ്യതയുണ്ട്.

മധ്യപ്രദേശ്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളും കാബിനറ്റില്‍ ഇടം പിടിച്ചേക്കും. 

Tags:    

Similar News