ന്യൂഡല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കാര്‍ഷിക നിയമം റദ്ദാക്കല്‍ ബില്ല് എന്ന പേരിലാവും ബില്ല് സഭയില്‍ കൊണ്ടുവരിക. മൂന്ന് നിയമവും പിന്‍വലിക്കാന്‍ ഒരു ബില്ലാണ് അവതരിപ്പിക്കുക.
കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിമയത്തിനെതിരേ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ വലിയ പ്രക്ഷോഭമാണ് ഉയര്‍ന്നുവന്നത്. ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക സംഘടനകള്‍ സംഘപ്പിച്ച പ്രതിഷേധം ഒരു വര്‍ഷത്തോളം നീണ്ടുനിന്നു. സമരം ഇപ്പോഴും തുടരുകയുമാണ്.
നിയമം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനം അനുരാഗ് താക്കൂറാണ് ദേശീയ മീഡിയ സെന്ററില്‍ വച്ച് മാധ്യമങ്ങളെ അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ മൂന്ന് ബില്ലുകള്‍ പാസ്സാക്കി നിയമമാക്കിയത്. സമരം ശക്തമായതോടെ നിയമം പിന്‍വലിക്കുമെന്ന് ഗുരുനാനാക്ക് ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
അടുത്ത ശീതകാല സമ്മേളനത്തിലാണ് കാര്‍ഷിക നിയമ റദ്ദാക്കല്‍ ബില്ല് 2021 സഭയില്‍ അവതരിപ്പിക്കുക. നവംബര്‍ 29നാണ് സഭ ചേരുന്നത്. ഇത്തവണ 26 ബില്ലാണ് പാര്‍ലമെന്റിന്റെ പരിഗണനയില്‍ വരിക.