രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന് പകരം ജ്യൂസ് കുത്തിവച്ച സംഭവം: പ്രഥമികാന്വേഷണം പൂര്‍ത്തിയായി, ആശുപത്രി അടച്ചു
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന് പകരം ശരീരത്തില്‍ ജ്യൂസ് കുത്തിവച്ച് രോഗി മരിച്ച സംഭവത്തില്‍ പ്രയാഗ്‌രാജിലെ ആശുപത്രി അടച്ചുപൂട്ടി. മരിച്ച രോഗിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിനുശേഷം ആശുപത്രി അടക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയത്. ആശുപത്രി അധികൃതര്‍ക്ക് തെറ്റുപറ്റിയതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കുടുംബം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഒരു ദ്രാവകം കുത്തിവച്ചശേഷമാണ് രോഗിയുടെ നില അപകടത്തിലായതെന്നാണ് രോഗിയുടെ ബന്ധുക്കള്‍ പറയുന്നത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്ലാറ്റ്‌ലേറ്റ് ബാഗ് വ്യാജമാണെന്നും അതില്‍ ഓറഞ്ച് ജ്യൂസാണ് ഉണ്ടായിരുന്നതെന്നും രണ്ടാമത്തെ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് തിരിച്ചറിഞ്ഞത്.
'എന്റെ 26 കാരിയായ സഹോദരി വിധവയാണ്. ആശുപത്രിയുടെ വീഴ്ചകള്‍ക്ക് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'- മരിച്ചയാളുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.
പ്രയാഗ്‌രാജിലെ സ്വകാര്യാശുപത്രിയിലാണ് സംഭവം നടന്നത്. 32കാരനായ യുവാവാണ് ആശുപത്രി അധികൃതരുടെ അശ്രദ്ധയെത്തുടര്‍ന്ന് മരിച്ചത്. പ്രയാഗ്‌രാജിലെ ഗ്ലോബല്‍ ഹോസ്പിറ്റല്‍ ആന്റ് ട്രോമാ സെന്ററിലാണ് ഡെങ്കിപ്പനി ബാധിച്ച യുവാവ് ചികില്‍സ തേടിയെത്തിയത്.