വഹാബ് വിഭാഗം നിര്‍ണ്ണായക യോഗം ഇന്ന്;ഐഎന്‍എല്‍ പിളര്‍പ്പ് സമ്പൂര്‍ണ്ണം
ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ദേശീയ നേതൃത്വം സംസ്ഥാന നേതൃസമിതികള്‍ പിരിച്ചു വിട്ടത്
പിസി അബ്ദുല്ല
കോഴിക്കോട്:ഇന്ത്യന്‍ നാഷണല്‍ ലീഗ്(ഐഎന്‍എല്‍) സംസ്ഥാനഘടകത്തില്‍ ഒത്തു തീര്‍പ്പിന്റെ അവസാന വാതിലും അടഞ്ഞു. സംസ്ഥാന പ്രസിഡന്റ് എപി അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇന്ന് കോഴിക്കോട്ട് യോഗം ചേരുന്നതോടെ പാര്‍ട്ടിയിലെ പിളര്‍പ്പ് സമ്പൂര്‍ണ്ണമാവും.
ഉച്ചക്ക് ശിക്ഷക് സദനിലാണ് വഹാബ് അടക്കമുള്ളവര്‍ പങ്കെടുക്കുന്ന യോഗം.ഔദ്യോഗിക സ്വഭാവമില്ലാതെയുള്ള പ്രവര്‍ത്തകരുടെ ആലോചനാ യോഗമാണ് ഇന്നത്തേതെന്നാണ് വിശദീകരണം. എന്നാല്‍, ദേവീയ നേതൃത്വത്തിനും കാസിം ഇരിക്കൂര്‍ പക്ഷത്തിനുമെതിരായ നിര്‍ണ്ണായക യോഗം തന്നെയാണ് എപി അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ ഇന്നു നടക്കുന്നത്.
സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി, സംസ്ഥാന കൗണ്‍സില്‍ എന്നിവ പിരിച്ചുവിടാന്‍ ഞായറാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന ഐഎന്‍എല്‍ ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റെ തീരുമാനത്തിനെതിരെയാണു വഹാബ് പക്ഷത്തിന്റെ നീക്കം.ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ദേശീയ നേതൃത്വം സംസ്ഥാന നേതൃസമിതികള്‍ പിരിച്ചു വിട്ടത്.
2022 മാര്‍ച്ച് 31ന് മുമ്പായി പുതിയ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി ചുമതലയേല്‍ക്കുന്ന വിധം അംഗത്വ കാംപയിനും സംഘടനാ തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കുന്നതിന് ഏഴംഗ അഡ്‌ഹോക് കമ്മിറ്റിയെ അധികാരപ്പെടുത്തിയിട്ടുമുണ്ട്.പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കൂടിയായ മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് സംസ്ഥാന അഡ്‌ഹോക്ക് കമ്മറ്റി ചെയര്‍മാന്‍.സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാനുള്ള ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ എ പി അബ്ദുള്‍ വഹാബ് പങ്കെടുത്തിരുന്നില്ല.
1994 ഏപ്രില്‍ 22നു നിലവില്‍ വന്ന ഐഎന്‍എല്‍ 26 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇടതു മുന്നണിയില്‍ ഇടം നേടിയത്. ചരിത്രത്തിലാദ്യമായി പാര്‍ട്ടിക്ക് മന്ത്രി സ്ഥാനം ലഭിച്ചതിനു പിന്നാലെ കേരള ഘടകത്തില്‍ വിഭാഗീയത ഉടലെടുത്തു.ഇതേതുടര്‍ന്ന് പുതിയ ഹജ്ജ് കമ്മിറ്റിയിലും വഖ്ഫ് ബോര്‍ഡിലും പാര്‍ട്ടിക്ക് പ്രാതിനിധ്യം നിഷേധിക്കപ്പെട്ടു. മാസങ്ങള്‍ക്കു മുന്‍പ് ഇരുവിഭാഗവും തമ്മില്‍ തല്ലി പ്രസിഡന്റിനേയും ജനറല്‍ സെക്രട്ടറിയേയും പരസ്പരം പുറത്താക്കി.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ മകന്‍ അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരു വിഭാഗവും വീണ്ടും ഒന്നിച്ചു.എന്നാല്‍ ബോര്‍ഡ്, കോര്‍പറേഷന്‍ അംഗങ്ങളെ തീരുമാനിക്കുന്നതില്‍ വീണ്ടും തര്‍ക്കം രൂക്ഷമായി.ഒന്നാം പിണറായി സര്‍ക്കാരില്‍ ലഭിച്ച ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനടക്കം എടുത്തു മാറ്റി ഏതാനും ബോര്‍ഡ് അംഗങ്ങളെ മാത്രമാണ് ഈ സര്‍ക്കാരില്‍ നാഷണല്‍ ലീഗിന് അനുവദിച്ചത്.തൃശൂര്‍ സീതാറാം മില്‍ ചെയര്‍മാന്‍ സ്ഥാനവും കെടിഡിസിയടക്കം ആറു ബോര്‍ഡുകളിലെ അംഗത്വവുമാണ് എല്‍ഡിഎഫ് ഐഎന്‍എല്ലിന് ഇത്തവണ അനുവദിച്ചത്.
ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്ക് പ്രസിഡന്റ് അബ്ദുല്‍ വഹാബ് നിര്‍ദ്ദേശിച്ചവരെ കാസിം ഇരിക്കൂര്‍ പക്ഷം അംഗീകരിക്കാത്തതാണ് പാര്‍ട്ടിയില്‍ ഭിന്നത വീണ്ടും രൂക്ഷമാക്കിയത്. വിവിധ സ്ഥാനങ്ങളിലേക്കുള്ള അംഗങ്ങളെ ഈ മാസം 31നകം തീരുമാനിച്ചില്ലെങ്കില്‍ സ്ഥാനങ്ങള്‍ തിരിച്ചെടുക്കേണ്ടിവരുമെന്ന് സിപിഎം നാഷണല്‍ ലീഗ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇരുപക്ഷവും സമവായത്തിന് തയാറായില്ല. സീതാറാം മില്‍സ് ചെയര്‍മാന്‍ സ്ഥാനത്തിനു പുറമെ കെടിഡിസി മാരിടൈം ബോര്‍ഡ്, വനം വികസന കോര്‍പറേഷന്‍, കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ മെമ്പര്‍ സ്ഥാനവുമാണ് ഐഎന്‍എല്ലിന് അനുവദിച്ചത്. ഡിസംബര്‍ 24ന് അഖിലേന്ത്യാ പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ സീതാറാം മില്‍സ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് അബ്ദുല്‍ വഹാബ് പക്ഷം എന്‍ കെ അബ്ദുള്‍ അസീസിന്റെ പേര് നിര്‍ദേശിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കാസിം ഇരിക്കൂര്‍ പക്ഷം തയ്യാറായില്ല.