ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന്; ഡിജിപിക്ക് മുമ്പാകെ ഹാജരാവാതെ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനു
തിരുവനന്തപുരം: ബലാല്‍സംഗക്കേസ് ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനെത്തുടര്‍ന്ന് പിരിച്ചുവിടല്‍ നടപടി നേരിടുന്ന പോലിസ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനു ഇന്ന് ഡിജിപിക്ക് മുമ്പാകെ ഹാജരാവില്ല. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ചികില്‍സയിലാണെന്നും സാവകാശം വേണമെന്നും സുനു ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇന്ന് രാവിലെ 11ന് ഡിജിപിക്ക് മുന്നില്‍ നേരിട്ട് ഹാജരാവണമെന്നായിരുന്നു സുനുവിന് നല്‍കിയ നിര്‍ദേശം.
പിരിച്ചുവിടല്‍ നടപടിയുടെ ഭാഗമായാണ് സുനുവിന് നോട്ടീസ് നല്‍കിയത്. ഇന്ന് നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സുനുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കാനാണ് തീരുമാനിച്ചിരുന്നത്. സുനു ഹാജരാവാത്തതിനാല്‍ നടപടികളുമായി മുന്നോട്ട് പോവാനാണ് ഡിജിപിയുടെ നീക്കമെന്നറിയുന്നു. ഒമ്പത് ക്രിമിനല്‍ കേസുകളിലെ പ്രതിയും 15 വകുപ്പുതല നടപടിയും നേരിട്ട ഉദ്യോഗസ്ഥനാണ് പി ആര്‍ സുനു. തൃക്കാക്കര പോലിസ് രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ ഉള്‍പ്പെട്ടതോടുകൂടി സുനുവിനെ സസ്‌പെന്റ് ചെയ്തിരുന്നു.
കൊച്ചി സിറ്റി പോലിസ് കമ്മീഷണറുടെ റിപോര്‍ട്ട് പരിഗണിച്ചായിരുന്നു സസ്‌പെന്‍ഷന്‍ നടപടി. തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ മൂന്നാം പ്രതിയാണ് കോസ്റ്റല്‍ എസ്എച്ച്ഒ പി ആര്‍ സുനു. എറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ തൃക്കാക്കര പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും മതിയായ തെളിവില്ലാത്തതിനാല്‍ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു.
അതേസമയം, തനിക്കെതിരെയുള്ള നടപടി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാല്‍, നടപടിയുമായി ഡിജിപിക്ക് മുന്നോട്ടുപോവാമെന്നായിരുന്നു കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 31ന് സുനു മറുപടി നല്‍കി. ഈ മറുപടി പരിശോധിച്ചാണ് ഡിജിപിക്ക് മുമ്പാകെ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാന്‍ നോട്ടീസ് വീണ്ടും നല്‍കിയത്.