ദലിത് വിദ്യാര്‍ഥിനിയുടെ ഇന്‍സ്റ്റിറ്റിയൂഷനല്‍ വേട്ടയാടലുകള്‍ക്ക് നീതീകരണമില്ല; ദീപ മോഹനന് പിന്തുണ അറിയിച്ച് വിടി ബല്‍റാം

വര്‍ഷങ്ങളായി എംജി സര്‍വകലാശാല അധികൃതരില്‍ നിന്ന് നേരിടേണ്ടി വരുന്ന ജാതിവിവേചനത്തിനും നീതി നിഷേധത്തിനുമെതിരെ വീണ്ടും പോരാട്ടത്തിനിറങ്ങുകയാണ് ദീപ പി മോഹനന്‍

Update: 2021-10-28 12:10 GMT

തിരുവനന്തപുരം: രാഷ്ട്രപിതാവിന്റെ പേരിലുള്ള സര്‍വകലാശാലയില്‍, ദലിത് വിദ്യാര്‍ത്ഥിനി ദീപ പി മോഹനന്‍ നേരിടുന്ന ഇന്‍സ്റ്റിറ്റിയൂഷനല്‍ വേട്ടയാടലുകള്‍ക്ക് യാതൊരു നീതീകരണവുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. 2012ലാണ് എംജി സര്‍വ്വകലാശാലയില്‍ നാനോ സയന്‍സില്‍ എം ഫിലിന് ദീപ പ്രവേശനം നേടുന്നത്. ദലിത് സ്വത്വത്തിന്റെ പേരിലും ഉയര്‍ത്തിപ്പിടിക്കുന്ന അംബേദ്കറൈറ്റ് രാഷ്ട്രീയത്തിന്റെ പേരിലുമുള്ള നിരന്തര വേട്ടയാടലുകളാണ് ദീപ നേരിടുന്നത്.

ദീപയ്ക്ക് ഏറ്റവുമധികം തടസ്സങ്ങള്‍ നേരിടേണ്ടിവന്നിട്ടുള്ളത് ഇടതുസഹയാത്രികരില്‍ നിന്നാണ്. ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനും നിലവില്‍ യൂനിവേഴ്‌സിറ്റി സിന്റിക്കേറ്റ് അംഗവുമായ നന്ദകുമാര്‍ കളരിക്കല്‍ എന്ന സിപിഎം നേതാവിന്റെ ഭാഗത്തുനിന്നാണ് ദീപയ്ക്ക് ഏറ്റവുമധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. വര്‍ഷങ്ങളായി സര്‍വകലാശാല അധികൃതരില്‍ നിന്ന് നേരിടേണ്ടി വരുന്ന ജാതിവിവേചനത്തിനും നീതി നിഷേധത്തിനുമെതിരെ വീണ്ടും പോരാട്ടത്തിനിറങ്ങുകയാണ് ദീപയെന്നും വിടി ബല്‍റാം ഫേസ് ബുക്കില്‍ കുറിച്ചു.

ഫേസ് ബുക് കുറിപ്പിന്റെ പൂര്‍ണ രൂപം

തിരുവനന്തപുരത്തു നിന്ന് പാലക്കാട്ടേക്കുള്ള യാത്രാമധ്യേ കോട്ടയത്ത് മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ഗവേഷകയായ ദീപ പി മോഹനനെ സന്ദര്‍ശിച്ചു. വര്‍ഷങ്ങളായി സര്‍വ്വകലാശാല അധികൃതരില്‍ നിന്ന് നേരിടേണ്ടി വരുന്ന ജാതിവിവേചനത്തിനും നീതി നിഷേധത്തിനുമെതിരെ വീണ്ടും പോരാട്ടത്തിനിറങ്ങുകയാണ് ദീപ.

2012ലാണ് എംജി സര്‍വ്വകലാശാലയില്‍ നാനോ സയന്‍സില്‍ എം ഫിലിന് ദീപ പ്രവേശനം നേടുന്നത്. ദലിത് സ്വത്വത്തിന്റെ പേരിലും ഉയര്‍ത്തിപ്പിടിക്കുന്ന അംബേദ്കറൈറ്റ് രാഷ്ട്രീയത്തിന്റെ പേരിലുമുള്ള നിരന്തര വേട്ടയാടലുകളാണ് ഈ വിദ്യാര്‍ത്ഥിനി നേരിടുന്നത്. പ്രതിസന്ധികള്‍ അതിജീവിച്ച് എംഫില്‍ പൂര്‍ത്തിയാക്കി പിഎച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പല നിലക്കുമുള്ള തടസ്സങ്ങളാണ് ഇപ്പോഴും തുടരുന്നത്. കോഴ്‌സ് വര്‍ക്ക് ചെയ്യാനും ലബോറട്ടറി സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനുമൊക്കെ ഡിപ്പാര്‍ട്ട്‌മെന്റിലെ ദലിത് വിരുദ്ധ ലോബി തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. ഒരു വര്‍ഷത്തോളമായി ഫെലോഷിപ്പും ലഭിച്ചിട്ടില്ല.

ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനും നിലവില്‍ യൂണിവേഴ്‌സിറ്റി സിണ്ടിക്കേറ്റ് അംഗവുമായ നന്ദകുമാര്‍ കളരിക്കല്‍ എന്ന സിപിഎം നേതാവിന്റെ ഭാഗത്തുനിന്നാണ് ദീപയ്ക്ക് ഏറ്റവുമധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. സിപിഎം അനുകൂല അധ്യാപക സംഘടനയുടേയും 'കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന'യായ എസ്എഫ്‌ഐയുടേയും പൂര്‍ണ്ണ പിന്തുണ ഈ അധ്യാപകനാണെന്നതില്‍ അത്ഭുതമില്ല. ദീപയുടെ പരാതിയേത്തുടര്‍ന്ന് നേരത്തേ സര്‍വകലാശാല തന്നെ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനാല്‍ നന്ദകുമാറിനെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും പരാതിക്കാരിക്കെതിരെയുള്ള പ്രതികാരനടപടികള്‍ ഇപ്പോഴും തുടരുകയാണ്. എസ് സി അട്രോസിറ്റീസ് ആക്റ്റ് പ്രകാരം അധ്യാപകനെതിരെ പോലീസ് കേസെടുക്കണമെന്നായിരുന്നു അന്വേഷണത്തെത്തുടര്‍ന്നുള്ള ശുപാര്‍ശയെങ്കിലും സിപിഎമ്മിന്റെ രാഷ്ട്രീയ സംരക്ഷണത്തില്‍ ആ ദിശയില്‍ നടപടികളൊന്നും മുന്നോട്ടുപോകുന്നില്ല. ദീപയുടെ ഗവേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള സൗകര്യം ചെയ്തുനല്‍കണമെന്ന് ഹൈക്കോടതിയും പട്ടികജാതി, പട്ടിക ഗോത്രവര്‍ഗ കമ്മീഷനുമൊക്കെ ഉത്തരവിട്ടിട്ടും സര്‍വ്വകലാശാലക്ക് യാതൊരു കുലുക്കവുമില്ല. വൈസ് ചാന്‍സലര്‍ നേരിട്ട് കുറ്റക്കാരനായ അധ്യാപകന്റെ പക്ഷം പിടിക്കുകയാണെന്ന് ദീപ കുറ്റപ്പെടുത്തുന്നു.

ഇന്നലെ മുന്‍ രാഷ്ട്രപതി ശ്രീ കെ ആര്‍ നാരായണന്റെ അനുസ്മരണ പോസ്റ്റില്‍ ഞാനിങ്ങനെ എഴുതിയിരുന്നു: 'His is a journey quite unbelievable those days and highly improbable even today'. ആ പറഞ്ഞത് ശരിവയ്ക്കുന്ന അനുഭവമാണ് ദീപ പി. മോഹനന്റേത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാപദവിയിലേക്ക് വരെ അറിവ് മാത്രം മൂലധനമായുള്ള ഒരു ദരിദ്ര ദലിതന് ഉയര്‍ന്നുവരാന്‍ കഴിഞ്ഞുവെന്ന് ഒരുഭാഗത്ത് അഭിമാനിക്കുമ്പോഴും അദ്ദേഹം ജനിച്ച അതേ കോട്ടയം ജില്ലയില്‍, രാഷ്ട്രപിതാവിന്റെ പേരിലുള്ള സര്‍വ്വകലാശാലയില്‍, ഒരു ദലിത് വിദ്യാര്‍ത്ഥിനി നേരിടുന്ന ഈ ഇന്‍സ്റ്റിറ്റിയൂഷണല്‍ വേട്ടയാടലുകള്‍ക്ക് യാതൊരു നീതീകരണവുമില്ല. അതുകൊണ്ടു തന്നെ ദീപ പി മോഹനന് പൂര്‍ണ്ണ പിന്തുണ.


Tags:    

Similar News