ഐപിസി 153 (എ): എസ് പി അമീര്‍ അലിയാണെങ്കില്‍ 22 ദിവസം തടവ്; ആര്‍ വി ബാബു ആണെങ്കില്‍ ഉടന്‍ ജാമ്യം
ഒരേ കുറ്റത്തിന് ഒന്നിലധികം എഫ്‌ഐആര്‍ സാധുവാകുകയില്ല എന്ന സുപ്രീം കോടതിയുടെ വിധിയെ പോലും മറികടന്നാണ് പോലീസ് അമീര്‍ അലിക്കെതിരെ ആറു സ്റ്റേഷനുകളില്‍ കേസെടുത്തത്.
രണ്ടു മുസ്‌ലിം യുവാക്കളെ ക്രൂരമായി അക്രമിക്കുകയും വര്‍ഗ്ഗീയമായി അധിക്ഷേപിക്കുകയും ചെയതില്‍ പ്രതിഷേധിച്ചതിന് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലിയെ മാസങ്ങള്‍ക്ക് മുന്‍പ് പോലിസ് അറസ്റ്റു ചെയതത് ഐപിസി 153 (എ) ചുമത്തി കൊണ്ടായിരുന്നു. ആറു സ്‌റ്റേഷനുകളിലാണ് ഒരേ പേരില്‍ 153 (എ) ചുമത്തി കേസെടുത്തത്. ഒരേ കുറ്റത്തിന് ഒന്നിലധികം എഫ്‌ഐആര്‍ സാധുവാകുകയില്ല എന്ന സുപ്രീം കോടതിയുടെ വിധിയെ പോലും മറികടന്നാണ് പോലീസ് അമീര്‍ അലിക്കെതിരെ ആറു സ്റ്റേഷനുകളില്‍ കേസെടുത്തത്. ജാമ്യം നല്‍കുന്നതിനെ പോലീസ് കോടതിയില്‍ എതിര്‍ക്കുകയും ചെയ്തു. 22 ദിവസമാണ് അദ്ദേഹം ജയിലില്‍ കിടന്നത്. പിന്നീട് കേരള ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ജാമ്യം ലഭിച്ചത്. 153 (എ) ചുമത്താന്‍ മാത്രമുള്ള തെറ്റൊന്നും പ്രതി ചെയ്തിട്ടില്ല എന്ന് പറഞ്ഞാണ് കോടതി ജാമ്യം നല്‍കിയത്. പോലിസില്‍ ചിലരുടെ വര്‍ഗ്ഗീയ മനോഭാവത്തോടെയുള്ള നടപടികളില്‍ പ്രതികരിച്ചതു മാത്രമായിരുന്നു അമീര്‍ അലി ചെയ്ത കുറ്റം.
അതേസമയം ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ വളരെ വ്യക്തമായി ഒരു വിഭാഗത്തിനെതിരെ വര്‍ഗ്ഗീയ പ്രചരണങ്ങള്‍ നടത്തിയപ്പോള്‍ 153 (എ) ചുമത്തി അറസ്റ്റു ചെയ്ത പോലീസ് ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം ലഭിക്കുന്നതിന് സഹായകമായ രീതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഹിന്ദു ഐക്യവേദി നേതാവിന്റെ ജാമ്യംപേക്ഷയെ പോലീസ് എതിര്‍ത്തില്ല. ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. സംഘപരിവാര്‍ നേതാക്കളായ ഗോപാലകൃഷ്ണനും ശശികലക്കുമെതിരില്‍ പോലീസ് 153 (എ) ചുമത്തി കേസെടുത്തത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഇത്ര കാലമായിട്ടും ഈ നിയമപ്രകാരം ഇരുവരെയും അറസ്റ്റു ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല.