ഇസ്രായേല്‍ കപ്പലിലെ സ്‌ഫോടനം: പങ്കുണ്ടെന്ന ആരോപണം ഇറാന്‍ നിഷേധിച്ചു
എംവി ഹെലിയോസ് റേ എന്ന കപ്പലില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സ്‌ഫോടനമുണ്ടായത്.
തെഹ്‌റാന്‍: ഒമാന്‍ ഉള്‍ക്കടലില്‍ ഇസ്രായേല്‍ കപ്പലായ എംവി ഹെലിയോസ് റേയില്‍ കഴിഞ്ഞയാഴ്ച നടന്ന സ്‌ഫോടനത്തിനു പിന്നില്‍ ഇറാന്‍ ആണെന്ന ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ആരോപണം ഇറാന്‍ നിഷേധിച്ചു. ഇസ്രായേല്‍ ടിലിവിഷനായ കാനുമായി തിങ്കളാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് നെതന്യാഹു ഈ ആരോപണം ഉന്നയിച്ചത് എന്നാല്‍ അദ്ദേഹം അവകാശവാദത്തിന് തെളിവുകളൊന്നും നല്‍കിയില്ല.
എംവി ഹെലിയോസ് റേ എന്ന കപ്പലില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന് കാരണമായത് എന്താണെന്ന് വ്യക്തമല്ല. സ്‌ഫോടനത്തിന് ഇറാന്‍ ഉത്തരവാദിയാണെന്ന് പ്രാഥമിക വിലയിരുത്തലില്‍ കണ്ടെത്തിയതായി പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു. സ്‌ഫോടനത്തില്‍ യുഎസിലെയും ഐക്യരാഷ്ട്രസഭയിലെയും ഇസ്രായേല്‍ അംബാസഡര്‍ തെഹ്‌റാനെ കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ ദുബയിലേക്ക് പോയതായി ഹാരെറ്റ്‌സ് പത്രം റിപോര്‍ട്ട് ചെയ്തു.