ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ഉദ്യോഗസ്ഥനെ സഹപ്രവര്‍ത്തകന്‍ വെടിവച്ച് കൊന്നു
ഇറ്റാനഗര്‍: ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ഉദ്യോഗസ്ഥനെ സഹപ്രവര്‍ത്തകന്‍ വെടിവച്ച് കൊന്നു. അരുണാചല്‍പ്രദേശിലെ ഇറ്റാനഗറിലുള്ള രാജീവ് ഗാന്ധി സര്‍വകലാശാലയിലാണ് സംഭവം. കോണ്‍സ്റ്റബിള്‍ ചിംഗ്രി മോമൈക്ക് എന്നയാളാണ് കൊല്ലപ്പെട്ടത്. ദിയൂണ്‍ ആസ്ഥാനമായുള്ള രണ്ടാം ഐആര്‍ബിഎന്‍ ബറ്റാലിയനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ദിയും വാഗ്രു തൈഡോങ് തന്റെ എകെ 47 സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ചിംഗ്രിക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു.
വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് വെടിവയ്പ്പുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ചിംഗ്രിയെ നഹര്‍ലാഗൂണിലെ ടോമോ റിബ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ സയന്‍സിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാഗ്രു തൈഡോങ്ങിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. വെടിവയ്പ്പിന് പിന്നിലെ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.
ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്ന വാദങ്ങള്‍ പോലിസ് തള്ളി. പോലിസ് സംഘം സ്ഥലം സന്ദര്‍ശിച്ച് ആയുധവും രണ്ട് ഒഴിഞ്ഞ കേസുകളും 28 ലൈവ് റൗണ്ടുകളും പിടിച്ചെടുത്തു. നടപടിക്രമങ്ങള്‍ അനുസരിച്ച് പ്രതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കോടതിയില്‍ ഹാജരാക്കുമെന്നും പോലിസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.