ഇരിങ്ങാലക്കുട രൂപത കുടുംബവര്‍ഷ സമാപന ആഘോഷം മെയ് 15ന്

Update: 2022-05-13 14:55 GMT

മാള: ഇരിങ്ങാലക്കുട രൂപത കുടുംബവര്‍ഷ സമാപന ആഘോഷം ഈമാസം 15 ഞായറാഴ്ച കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് നടക്കും. ഇരിഞ്ഞാലക്കുട രൂപതയിലും മറ്റ് രൂപതകളിലും കുടുംബവര്‍ഷം സമുചിതമായി ആഘോഷിച്ചു. ആഗോള കത്തോലിക്കാസഭയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 2021 മാര്‍ച്ച് 19 മുതല്‍ 2022 ജൂണ്‍ 26 വരെ കുടുംബവര്‍ഷമായി പ്രഖ്യപിച്ചിരിക്കുകയാണ്.

കുടുംബവര്‍ഷാചരണത്തിന്റെ സമാപനവും രൂപത പ്രോലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഒന്നാം വാര്‍ഷികവും ഇതോടൊപ്പം ആഘോഷിക്കുന്നുണ്ട്. 

ഇരിങ്ങാലക്കുട രൂപത കുടുംബസമ്മേളന കേന്ദ്രസമിതിയുടെയും കപ്പിള്‍സ് മൂവ്‌മെന്റിന്റെയും പ്രോലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിലാണ് കുടുംബവര്‍ഷത്തിന്റെ സമാപനം രൂപതാതലത്തില്‍ ആഘോഷിക്കുന്നത്. രൂപതയിലെ കുടുംബങ്ങളെ ആദരിക്കുന്നതിനും അവര്‍ക്ക് താങ്ങും തണലുമാകാനായിരിക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുടുംബ ഭദ്രതയും ജീവന്റെ മൂല്യങ്ങളും വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തില്‍ ജീവന്റെ സംരക്ഷണത്തിനും പരിപോഷണത്തിനും ഊന്നല്‍ നല്‍കികൊണ്ടാണ് ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

ആയിരത്തില്‍പ്പരം ആളുകളാണ് ഈ സംഘമത്തില്‍ പങ്കെടുക്കുന്നത്. ഡോ. റെജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ രൂപതയിലെ എല്ലാ സംഘടനകളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് വിവിധ ആഘോഷകമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. 

രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് 4.30 വരെയുള്ള ഏകദിന ആഘോഷപരിപാടികളാണ് എഞ്ചിനീയറിംഗ് കോളേജില്‍ സംഘടപ്പിച്ചിട്ടുള്ളത്. ശില്പശാല, പാനല്‍ ചര്‍ച്ച, കുട്ടികള്‍ക്കുള്ള വിവിധ പരിപാടികള്‍, പൊതുമീറ്റിംഗ്, മ്യൂസിക് എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിപാടിയില്‍ മുഖ്യാഥിതിയായി സിനി ആര്‍ട്ടിസ്റ്റ് സിജോയ് വര്‍ഗീസ് പങ്കെടുക്കുന്നു.

പ്രശസ്ത പള്‍മനോളജിസ്റ്റും അറിയപ്പെടുന്ന പ്രോലൈഫ് പ്രവര്‍ത്തകനുമായ അബ്രാഹം ജോസഫ് ക്ലാസ് നയിക്കും. കുട്ടികള്‍ക്കുള്ള വിവിധ പരിപാടികള്‍ ജീസസ്സ് യൂത്ത് മിനിസ്റ്ററിയായി നടത്തുന്നു. ഉച്ചക്കുള്ള പൊതു സമ്മേളനം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണുക്കാടന്‍ ഉദ്ഘാടനം ചെയ്യും.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാ. ജോജി പാലമറ്റത്ത് സ്വാഗതവും കണ്‍വീനര്‍ ഡോ. റെജു വര്‍ഗ്ഗീസ് കല്ലേലി നന്ദിയും പറയും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കുന്ന 250 കുടുംബങ്ങള്‍ക്ക് സമ്മാനം നല്‍കും.

ഇതുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റിംഗില്‍ റവ. ഫാ. നെവിന്‍ ആട്ടോക്കാരന്‍ (രൂപത ചാന്‍സലര്‍), റവ. ഫാ. ജോജി പാലമറ്റത്ത് (പ്രോലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍) ഷാജന്‍ കണ്ടംകുളത്തി (ഇരിങ്ങാലക്കുട ഫൊറോന കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    

Similar News