'ഇസ്‌ലാമിക് മൂവ്‌മെന്റ് പത്രാധിപരെ തട്ടിക്കൊണ്ടുപോയി അറസ്റ്റ് ചെയ്തു
ദേശദ്രോഹവും, യു.എ.പി.എയും ചുമത്തിയാണ് ദല്‍ഹി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ന്യൂഡല്‍ഹി: നിരോധനത്തിന് മുമ്പ് സിമി പ്രസിദ്ധീകരിച്ചിരുന്ന 'ഇസ്‌ലാമിക് മൂവ്‌മെന്റ്, ഹിന്ദി മാസികയുടെ പത്രാധിപരായ അബ്ദുല്ലാ ദാനിഷ് (58)നെ ദല്‍ഹി പോലീസ് തട്ടിക്കൊണ്ട് പോയി അറസ്റ്റ് ചെയ്തു. ദിവസങ്ങള്‍ക്കു മുന്‍പ് ഭാര്യയോടൊപ്പം അലിഗഡ് റയില്‍വേ സ്‌റ്റേഷനിലേക്ക് പുറപ്പെട്ട ദാനിഷിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. 1985 ല്‍ സിമിയില്‍ ചേര്‍ന്ന ഡാനിഷ് 4 വര്‍ഷം ഇസ്‌ലാമിക് മൂവ്‌മെന്റ് ഹിന്ദി മാസികയുടെ പത്രാധിപരായിരുന്നു.
ദേശദ്രോഹവും, യു.എ.പി.എയും ചുമത്തിയാണ് ദല്‍ഹി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.2001 ല്‍ ദില്ലിയിലെ പിഎസ് ന്യൂ ഫ്രണ്ട്‌സ് കോളനിയില്‍ സിമി നിരോധനത്തിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കേസിലാണ് അദ്ദേഹത്തെ പ്രതി ചേര്‍ത്തിട്ടുള്ളത്.ഒപ്പം യാത്ര ചെയ്തിരുന്ന ഭാര്യയെ ലോകല്‍ പോലീസ് വീട്ടിലെത്തിക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായി പിന്നീട് അറിയിക്കുകയുമായിരുന്നു. 58 കാരനായ അബ്ദുല്ല ഡാനിഷ് നിരോധിത സംഘടനയിലെ പ്രധാന രഹസ്യ അംഗങ്ങളില്‍ ഒരാളാണെന്നും നിലവില്‍ അലിഗഡിലാണ് താമസിക്കുന്നതെന്ന് രഹസ്യന്വേഷണ വിഭാഗം അതിസാഹസികമായി കണ്ടെത്തിയതാണെന്നുമാണ് പോലീസ് ഭാഷ്യം.19 വര്‍ഷമായി ഇദ്ദേഹം ഒളിവിലാണെന്നും പോലീസ് ആരോപിച്ചു.യുപിയിലെയും ഡല്‍ഹിയിലെയും വിവിധ നഗരങ്ങളിലെ ഡാനിഷിന്റെ നീക്കങ്ങളെക്കുറിച്ച് ഒരു വര്‍ഷത്തിലേറെയായി സ്‌പെഷ്യല്‍ സെല്ലിന് വിവരങ്ങള്‍ ഉണ്ടെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു.
എന്‍ ആര്‍ സി ക്കും സി എ എ യ്ക്കുമെതിരെ മുസ്‌ലിം യുവാക്കളെ അണിനിരത്താനും വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ഐക്യം സൃഷ്ടിക്കുന്നതിനുമായി ഹാര്‍ഡ്‌കോര്‍ റാഡിക്കല്‍ ഐഡിയോളജി പ്രചരിപ്പിക്കുന്നതിലാണ് ഡാനിഷ് ഏര്‍പ്പെട്ടിരുന്നതെന്നാണ് പോലീസ് വിശദീകരണം.അതിനായി സര്‍ക്കാര്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടത്തുന്നുവെന്ന് വീഡിയോകള്‍ വഴി അദ്ദേഹം പ്രചരിപ്പിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.