ഗസയിലെ ഇസ്രായേല്‍ അതിക്രമം; വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു

ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു

Update: 2021-05-28 15:47 GMT

ജനീവ: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ അതിക്രമങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന യുഎന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ ഇന്ത്യയടക്കം 14 രാജ്യങ്ങളാണ് വിട്ടുനിന്നത്.

24 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇത് റിപോര്‍ട്ട് ചെയ്തത്. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. സംഘര്‍ഷത്തില്‍ മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കപ്പെട്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ഇന്ത്യന്‍ പ്രതിനിധി വോട്ടെടുപ്പില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

11 ദിവസം നീണ്ട അതിക്രമങ്ങള്‍ അവസാനിപ്പിച്ച് ഇസ്രയേല്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെടി നിര്‍ത്തല്‍ ധാരണയിലെത്തിയത്. ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം. സംഘര്‍ഷത്തിനിടെ ഗാസയില്‍ 230 പേരും ഇസ്രയേലില്‍ 12 പേരുമാണ് കൊല്ലപ്പെട്ടത്.

Tags:    

Similar News