'ഗോല്‍' കിട്ടിയാല്‍ കോളടിച്ചെന്ന് ബംഗാളിലെ മുക്കുവര്‍
മത്സ്യങ്ങളുടെയും രാജാവ് എന്നാണ് ബംഗാളില്‍ ഇത് അറിയപ്പെടുന്നത്.
കൊല്‍ക്കൊത്ത: ബംഗാളിലെ മുക്കുവര്‍ക്ക് ഇത് കോളടിക്കുന്ന കാലമാണ്. ലോക്ഡൗണിന്റെ പട്ടിണിക്കാലത്തിനു ശേഷം കടലിലിറങ്ങിയ ബംഗാളി മുക്കുവരുടെ വലയില്‍ 'ഗോല്‍ മത്സ്യം' കുരുങ്ങുന്നുണ്ട്. ഏറ്റവും വിലപിടിപ്പുള്ള മത്സ്യമാണ് ബംഗാളിലെ 'ഗോല്‍' മത്സ്യം. കിലോക്ക് 4000 രൂപ വരെ ഇതിനു വില ലഭിക്കും.
മത്സ്യങ്ങളുടെ രാജാവ് എന്നാണ് ബംഗാളില്‍ ഇത് അറിയപ്പെടുന്നത്. മികച്ച സ്വാദ് മാത്രമല്ല വേറെയും ഗുണങ്ങള്‍ ഈ മത്സ്യത്തിനുണ്ട്. മനുഷ്യ ശരീരത്തിന് ആവശ്യമുള്ള 'കൊളാജന്‍' ഗോല്‍ മത്സ്യത്തിന്റെ പുറംതൊലിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിന്റെ ചിറകുകള്‍ മുറിവു തുന്നുന്നതിനുള്ള നൂല്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. മനുഷ്യ ശരീരത്തില്‍ ലയിക്കുന്ന ഇനം നൂല്‍ നിര്‍മാണത്തിന് ഏറെ അനുയോജ്യമാണ് ഈ മത്സ്യത്തിന്റെ ചിറകുകള്‍.
സാധാരണ മറ്റു മത്സ്യങ്ങളില്‍ നിന്നും കുടല്‍ഭാഗങ്ങള്‍ ഒഴിവാക്കുമെങ്കില്‍ ഗോല്‍ മത്സ്യത്തിന്റെ കുടലിനാണ് ഏറ്റവും വില. ഉണക്കിയ കുടലിന് കിലോഗ്രാമിന് 50000 രൂപ വരെ ലഭിക്കാറുണ്ടെന്നാണ് മുക്കുവര്‍ പറയുന്നത്. വൈന്‍, ബിയര്‍ നിര്‍മാണത്തിലെ ശുദ്ധീകരണ പ്രക്രിയക്കായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനും ഈ മത്സ്യത്തിന്റെ ഭാഗങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ട്. ഇതിന്റെ ശരീര ഭാഗങ്ങളില്‍ നിന്നും പോര്‍സിന്‍, ബോവിന്‍ ജെലാറ്റിന്‍ എടുത്താണ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഉപയോഗിക്കുന്നത്.
ഗോല്‍ മത്സ്യം വലയില്‍ കുടുങ്ങുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ലോട്ടറി അടിക്കുന്നതു പോലെയാണ്. കടലിലെ സ്വര്‍ണം എന്നാണ് മുക്കുവര്‍ ഇതിനു പറയുന്നത്. കടലിന്റെ അടിത്തട്ടില്‍ കഴിയുന്ന ഇത്തരം മല്‍സ്യങ്ങളെ ലഭിക്കുന്നത് അപൂര്‍വ്വമാണ്. ലോക്ഡൗണിനു ശേഷം പലയിടങ്ങളിലായി ഗോല്‍ മല്‍സ്യം വലയില്‍ കുടുങ്ങിയ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. പല്‍ഗാറിലെ മത്സ്യത്തൊഴിലാളികളായ മഹേഷ് മെഹറിനും ഭാരതിനും 30 കിലോഗ്രാം ഭാരമുള്ള വലിയ ഗോള്‍ മത്സ്യത്തെ ലഭിച്ചിരുന്നു. 5.5 ലക്ഷം രൂപക്കാണ് അവര്‍ ഇതിനെ വില്‍പ്പ നടത്തിയത്.