ചക്ക സംസ്‌കരണ ഫാക്ടറി ഇനി എന്ന് തുറക്കുമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയില്‍

Update: 2022-08-01 17:39 GMT

മാള: രാജ്യത്ത് ആദ്യമായി പൊതുമേഖലയില്‍ തുടങ്ങിയ ചക്ക സംസ്‌കരണ ഫാക്ടറി ഇനി എന്ന് തുറക്കുമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയില്‍. ഒരു ചക്കക്കാലംകൂടി കടന്നുപോയെങ്കിലും ഒന്നും ചെയ്യാനാകാതെ നോക്കിനില്‍ക്കാനേ കേരള അഗ്രോ ഇന്റസ്ട്രീസ് കോര്‍പ്പറേഷന് കഴിഞ്ഞുള്ളൂ. കഴിഞ്ഞ ഏപ്രിലിലാണ് പൊയ്യ ഗ്രാമപഞ്ചായത്തിലെ പൂപ്പത്തിയിലുള്ള ചക്ക ഫാക്ടറി പൂട്ടിയത്. തുടര്‍ന്നുള്ള നാലുമാസവും കോര്‍പ്പറേഷന്‍ അധികൃതര്‍ ആരുംതന്നെ ഇവിടെ വന്നിട്ടില്ല. വൈദ്യുതി ഉപയോഗിക്കുന്നില്ലെങ്കിലും 2500 രൂപയോളം എല്ലാ മാസവും കെ എസ് ഇ ബിക്ക് അടക്കുന്നുണ്ട്. ഉപയോഗം ഇല്ലാതായപ്പോള്‍ ഫാക്ടറിയും പരിസരവും കാടുകയറുന്ന അവസ്ഥയിലാണ്. സാമ്പത്തിക പ്രതിസന്ധി, യന്ത്രങ്ങളുടെ തകരാര്‍, ഇലക്ട്രിക്കല്‍ പണികള്‍, ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശിച്ച പണികള്‍, ചക്ക സംഭരിക്കാന്‍ കഴിഞ്ഞില്ല തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഫാക്ടറി താല്‍ക്കാലികമായി അടച്ചിടാന്‍ ഉത്തരവിട്ടത്. സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രവര്‍ത്തിപ്പിക്കാനാകുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മാര്‍ച്ച് 31ന് കൃഷിമന്ത്രിയുടെ ചേംബറില്‍ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലെ ചര്‍ച്ചകളുടെയും ഏപ്രില്‍ രണ്ടിന് ആര്‍ കെ വി വൈ ഉദ്യോഗസ്ഥരുടെ പരി ശോധനയുടെയും അടിസ്ഥാനത്തിലാണ് അടച്ചിടാന്‍ തീരുമാനിച്ചത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഫാക്ടറി എന്ന് തുറക്കാനാകുമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയിലാണ്. മാര്‍ച്ച് 24 ന് ഫാക്ടറി സന്ദര്‍ശിച്ച മന്ത്രി പി പ്രസാദ് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി വിദഗ്ധസംഘത്തെ നിയോഗിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കകം ഫാക്ടറി പൂട്ടുന്ന നിലയിലേക്ക് മാറുകയായിരുന്നു. പൂര്‍ണ്ണതോതില്‍ ഫാക്ടറി പ്രവര്‍ത്തനത്തിക്കാനായി ആവശ്യം 500 കിലോ ശേഷിയുള്ള ഡ്രയര്‍ (ഇപ്പോഴുള്ളത് 20 കിലോ ഗ്രാം), ബോയ്‌ലറില്‍ നിന്നുള്ള ചൂട് നിയന്ത്രണ സംവിധാനം, വര്‍ക്ക് ഏരിയ, സ്‌റ്റോറേജ് സൗകര്യം തുടങ്ങിയവയാണ്. ഇത്രയും സൗകര്യമുണ്ടാക്കാനും പ്ര വര്‍ത്തനമൂലധനത്തിനുമായി അടിയന്തരമായി ആവശ്യമുള്ളത് 50 ലക്ഷം രൂപയാണ്. വൈദ്യുതിയിലും സോളാറിലും പ്രവര്‍ത്തിപ്പിക്കുന്നതിനായി രണ്ട് ഡ്രയറുകള്‍ ഒരുക്കുന്നതിന് 25 ലക്ഷം രൂപ ആവശ്യമാണ്. ചക്കയുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായ പള്‍പ്പ്, നെക്റ്റാര്‍, മിഠായി, ജാക്ക് ഫ്രൂട്ട് ബാര്‍, ചക്കക്കുരു ഉത്പ്പന്നങ്ങള്‍, ചക്ക ഹല്‍വ, ജാം, പൗഡര്‍ എന്നിവയുടെ നിര്‍മ്മാണമാണ് പദ്ധതിയിട്ടിരുന്നത്. ചക്കക്ക് പിന്നാലെ പൈനാപ്പിള്‍, കശുമാങ്ങ തുടങ്ങിയ ഫലങ്ങളില്‍ നിന്നുമുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുണ്ടാക്കാനും പദ്ധതിയുണ്ടായിരുന്നെങ്കിലും ചക്ക ഫാക്ടറി പോലും സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ കേരള അഗ്രോ ഇന്റസ്ട്രീസ് കോര്‍പ്പറേഷനായിട്ടില്ല. തന്റെ പിതാവ് തറക്കല്ലിട്ട ഫാക്ടറിക്കായി ഒരുപാട് ശ്രമങ്ങള്‍ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ നടത്തിയെങ്കിലും അതൊന്നും ഫലവത്തായില്ല. ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിയ 2018 ഏപ്രിലില്‍ പ്രവര്‍ത്തനമൂലധനമായി ഉണ്ടാ യിരുന്നത് 1.13 ലക്ഷം രൂപ മാത്രമായിരുന്നു. ഒരുവര്‍ഷം ശരാശരി 1.5 ലക്ഷം വിറ്റുവരവില്‍നിന്ന് ലഭിച്ചപ്പോള്‍ ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കേണ്ടിവന്നത് 12 ലക്ഷത്തോളം രൂപയായിരുന്നു. ഫാക്ടറി പൂട്ടിയപ്പോള്‍ മുതല്‍ തൊഴിലാളികളുടെ കുടുംബങ്ങള്‍ അര്‍ദ്ധ പട്ടിണിയിലാണ്. സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    

Similar News