ജെഇഇ പരീക്ഷ; ഒന്നാമതെത്തിയ വിദ്യാര്‍ഥിക്ക് പകരക്കാരനായി പരീക്ഷ എഴുതിയ ആള്‍ അറസ്റ്റില്‍
നീല്‍ നക്ഷത്ര ദാസിന്റെ ഫോണ്‍ സംഭാഷണം ലീക്കായതോടെയാണ് പരീക്ഷ തട്ടിപ്പ് പുറത്തുവന്നത്.
ന്യൂഡല്‍ഹി: ജെഇഇ പരീക്ഷയില്‍ അസമില്‍ ഒന്നാമതെത്തിയ വിദ്യാര്‍ഥിക്ക് പകരക്കാരനായി പരീക്ഷ എഴുതിയ യുവാവും പിടിയില്‍. പ്രദീപ് കുമാറിനെയാണ് ഡല്‍ഹിയില്‍ നിന്ന് പൊലീസ് പിടികൂടിയത്. ആല്‍മാറാട്ട കേസില്‍ അറസ്റ്റിലാകുന്ന എട്ടാമത്തെ പ്രതിയാണ് പ്രദീപ്. അസമിലെ നീല്‍ നക്ഷത്ര ദാസ് എന്ന വിദ്യാര്‍ഥിയാണ് പകരക്കാനെ വെച്ച് പരിക്ഷയെഴുതി ജെഇഇ പരീക്ഷയില്‍ ടോപ്പറായത്.
നീല്‍ നക്ഷത്ര ദാസിന്റെ ഫോണ്‍ സംഭാഷണം ലീക്കായതോടെയാണ് പരീക്ഷ തട്ടിപ്പ് പുറത്തുവന്നത്. തനിക്ക് പകരം മറ്റൊരാളാണ് പരീക്ഷയെഴുതിയതെന്ന് ഈ കുട്ടി തന്റെ സുഹൃത്തിനോട് സമ്മതിക്കുന്നതാണ് പുറത്തു വന്നത്. ഇത് പോലീസിലെത്തിയതോടെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സുപ്രോതീവ് ലാല്‍ ബറുവയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തുന്നത്.
ഡോക്ടര്‍ ദമ്പതികളായ മാതാപിതാക്കളാണ് ലക്ഷങ്ങള്‍ ചിലവഴിച്ച് മകനുവേണ്ടി ആള്‍മാറാട്ട തട്ടിപ്പു നടത്തിയത്. 15 മുതല്‍ ഇരുപത് ലക്ഷം രൂപ വരെ നല്‍കിയാണ് മാതാപിതാക്കള്‍ പരീക്ഷയെഴുതാന്‍ ആളെ ഏര്‍പ്പാടാക്കിയത്. പിതാവ് ജ്യോതിര്‍മയി ദാസ്, കേസിലെ മുഖ്യപ്രതിയും കോച്ചിംഗ് സെന്റര്‍ ഉടമയുമായ ഭാര്‍ഗവ് ദേക, കോച്ചിംഗ് സെന്ററിലെ തന്നെ ഒരു വനിതാ ജീവനക്കാരി എന്നിവരുള്‍പ്പെടെ ഏഴ് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വിദ്യാര്‍ഥിയായ നീല്‍ നക്ഷത്ര ദാസ് ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.