മോദിയെയും അദ്വാനിയെയും അപകീര്‍ത്തിപ്പെടുത്തിയെന്ന്; മാധ്യമപ്രവര്‍ത്തകന്റെ വാഹനം ആക്രമിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിക്കുമെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകന്റെ വാഹനം ആക്രമിച്ചു. പൂനെയിലെ മാധ്യമപ്രവര്‍ത്തകനായ നിഖില്‍ വഗേലിന്റെ കാറാണ് വെള്ളിയാഴ്ച ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം പൂനെയിലെ റാലി വേദിയിലേക്ക് പോവുന്നതിനിടെയാണ് സംഭവം. രാഷ്ട്ര സേവാദള്‍ സംഘടിപ്പിച്ച 'നിര്‍ഭയ് ബാനോ' റാലിയെ അഭിസംബോധന ചെയ്യാന്‍ പോവുന്നതിനിടെ പൂനെയിലെ ഡെക്കാന്‍ ഏരിയയില്‍ അക്രമികള്‍ കാറിന് നേരെ മഷിയെറിയുകയും ആക്രമിക്കുകയുമായിരുന്നു. കാറിന്റെ ചില്ലുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു.
ബിജെപി നേതാവും മുതിര്‍ന്ന നേതാവുമായ എല്‍കെ അദ്വാനിക്ക് ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ മോദിക്കും അദ്വാനിക്കുമെതിരേ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് ആക്രമണം. പൂനെയിലെ സാനെ ഗുരുജി സ്മാരകത്തില്‍ നടന്ന 'നിര്‍ഭയ് ബാനോ' പരിപാടിയില്‍ അദ്ദേഹവും പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ്, എന്‍സിപി, എഎപി എന്നിവയുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ നല്‍കിയ പരിപാടിയില്‍ വഗേലിന്റെ സാന്നിധ്യം ചൂണ്ടിക്കാട്ടി ബിജെപി പൂനെ യൂനിറ്റ് എതിര്‍ത്തിരുന്നു. ബിജെപി നേതാവ് സുനില്‍ ദിയോധറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 64 കാരനായ മാധ്യമപ്രവര്‍ത്തകനെതിരേ പൂനെയില്‍ കേസെടുത്തിട്ടുണ്ട്. അപകീര്‍ത്തിപ്പെടുത്തല്‍, ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.