പിണറായി വിജയനെതിരേ കൊലവിളി മുദ്രാവാക്യം; കേസെടുത്തത് പൊതുഗതാഗതം തടസപ്പെടുത്തിയതിന്
മുഖ്യമന്ത്രിയെ കൊല്ലുമെന്ന് പരസ്യമായി മുദ്രാവാക്യം വിളിച്ച ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കാത്തതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് സിപിഎം പ്രാദേശിക നേതൃത്വം പരാതി നൽകിയത്. എന്നിട്ടും ഗുരുതര വകുപ്പുകൾ ചുമത്താൻ പോലിസ് തയ്യാറായിട്ടില്ല.
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ 500 ഓളം ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് കേസെടുത്തു. കൊടുങ്ങല്ലൂരില്‍ സത്യേഷ് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനം പൊതുഗതാഗതം തടസപ്പെടുത്തി എന്നുകാണിച്ചാണ് കേസെടുത്തിരിക്കുന്നത്. കൊലവിളി മുദ്രാവാക്യത്തിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം ലോക്കൽ സെക്രട്ടറി പരാതി നൽകിയത്.
കൊടുങ്ങല്ലൂരില്‍ സത്യേഷ് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിലാണ് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരേ കൊലവിളി മുദ്രാവാക്യം വിളിച്ചത്. 'കണ്ണൂരിലെ തരിമണലില്‍, പിണറായിയെ വെട്ടിനുറുക്കി, പട്ടിക്കിട്ട് കൊടുക്കും ഞങ്ങള്‍'. 'സിപിഎമ്മിന്‍ ചെറ്റകളെ, ഡിവൈഎഫ്‌ഐ നാറികളെ' തുടങ്ങി പ്രകോപനപരമായ മുദ്രാവാക്യം ഉയര്‍ത്തിയാണ് ആര്‍എസ്എസ് പ്രകടനം നടത്തിയത്. എന്നാൽ ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 283 പ്രകാരമാണ് കേസെടുത്തതെന്ന് കൊടുങ്ങല്ലൂർ പോലിസ് തേജസ് ന്യൂസിനോട് പറഞ്ഞു.
ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതിയാണ് ചൊവ്വാഴ്ച ഇതിന്റെ ഫേസ്ബുക്ക് ലൈവ് വീഡിയോ പോസ്റ്റ് ചെയ്തത്. സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണക്കിന് പേര്‍ പങ്കെടുത്ത പ്രകടനത്തിലാണ് വര്‍ഗീയ വിദ്വേഷം ഉയര്‍ത്തുന്നതടക്കമുള്ള കൊലവിളി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ആര്‍എസ്എസ്സിനെയും പോലിസിനെയും വിമര്‍ശിക്കുന്നവര്‍ക്കെതിരേ കേസെടുക്കുന്ന പോലിസ്, മുഖ്യമന്ത്രിയെ കൊല്ലുമെന്ന് പരസ്യമായി മുദ്രാവാക്യം വിളിച്ച ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കാത്തതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് സിപിഎം പ്രാദേശിക നേതൃത്വം പരാതി നൽകിയത്. എന്നിട്ടും ഗുരുതര വകുപ്പുകൾ ചുമത്താൻ പോലിസ് തയ്യാറായിട്ടില്ല.