വയോധികയുടെ പെന്‍ഷന്‍ തുക തട്ടിയെടുത്ത ജൂനിയര്‍ സൂപ്രണ്ട് അറസ്റ്റില്‍

Update: 2022-05-27 19:44 GMT

തിരുവനന്തപുരം: പെന്‍ഷന്‍ പേമെന്റ് സബ് ട്രഷറിയില്‍ നിന്നും വയോധികയുടെ പണം തട്ടിയെടുത്ത സംഭവത്തില്‍ ജൂനിയര്‍ സൂപ്രണ്ട് അറസ്റ്റിലായി. കോട്ടയം കറുകച്ചാല്‍ സബ് ട്രഷറി ജൂനിയര്‍ സൂപ്രണ്ട് ചെങ്കല്‍ കോടങ്കര സ്വദേശി ആര്‍ യു അരുണ്‍ (38) ആണ് അറസ്റ്റിലായത്. കോട്ടയം സ്വദേശിനിയായ കെ കെ കമലമ്മയുടെ ചെക്ക് ലീഫ് വ്യാജ ഒപ്പിട്ട് അസല്‍ രേഖയായി ഉപയോഗിച്ച് 18,000 രൂപ നെയ്യാറ്റിന്‍കര പെന്‍ഷന്‍ പേമെന്റ് സബ് ട്രഷറിയില്‍ നിന്ന് അരുണ്‍ തട്ടിയെടുത്തതായാണ് കേസ്. തന്റെ പെന്‍ഷന്‍ തുക മാറുന്നതിനായി 18,000 രൂപയുടെ ചെക്ക് അരുണിന് കമലമ്മ കൈമാറിയിരുന്നു.

കമലമ്മ നല്‍കിയ ചെക്കില്‍ തിരുത്തുണ്ടെന്ന് പറഞ്ഞ് അരുണ്‍ ചെക്ക് കൈക്കലാക്കി. പിന്നീട് ഇക്കഴിഞ്ഞ 19ന് നെയ്യാറ്റിന്‍കര പെന്‍ഷന്‍ പേമെന്റ് സബ് ട്രഷറിയില്‍ ചെക്ക് സമര്‍പ്പിച്ച് തുക പിന്‍വലിക്കുകയായിരുന്നു. ഇപ്രകാരം ഒരു പിന്‍വലിക്കല്‍ താന്‍ നടത്തിയിട്ടില്ലെന്ന കമലമ്മയുടെ പരാതിയെ തുടര്‍ന്ന് ട്രഷറി ജോയിന്റ് ഡയറക്ടര്‍ നെയ്യാറ്റിന്‍കര പെന്‍ഷന്‍ പേമെന്റ് സബ് ട്രഷറിയില്‍ അന്വേഷണം നടത്തി.

അരുണ്‍ ചെക്ക് സമര്‍പ്പിച്ചതിന്റെ തെളിവ് അദ്ദേഹത്തിന് ലഭിച്ചു. ചെക്കിന്റെ മറുപുറത്ത് അരുണിന്‍രെ കൈയൊപ്പുള്ളതായി പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞു. അന്നത്തെ സിസിടിവി ദൃശ്യങ്ങളും അനുബന്ധ രേഖകളും പരിശോധിച്ചപ്പോള്‍ സാമ്പത്തിക തിരിമറി ബോധ്യമായി. തുടര്‍ന്ന് അരുണിനെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. കറുകച്ചാല്‍ സബ് ട്രഷറിയില്‍ നിന്നും കാട്ടാക്കട ജില്ലാ ട്രഷറി ഓഫിസിലേയ്ക്ക് നല്‍കിയ നിര്‍ദേശപ്രകാരം നെയ്യാറ്റിന്‍കര പോലിസില്‍ പരാതിയും നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അരുണിനെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News