ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രിം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

2025 മെയ് 13 വരെയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരുക

Update: 2024-11-11 06:37 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. 2025 മെയ് 13 വരെയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരുക.2005 ല്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് സഞ്ജീവ് ഖന്ന 2019 ലാണ് സുപ്രിം കോടതിയിലേക്കെത്തുന്നത്.

വോട്ടിങ് മെഷീന്റെ വിശ്വാസ്യത ഉറപ്പ് വരുത്തുകയും തെരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കുകയും ചെയ്ത ബെഞ്ചുകളില്‍ അംഗമായിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി ആയിരിക്കെ അരവിന്ദ് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതി നല്‍കിയത് ജസ്റ്റിസ് സഞ്ജീവ് ഖന്ന നയിച്ച കോടതിയാണ്.

രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് പദവി ഇന്ദിരാ ഗാന്ധി നിഷേധിച്ച ജസ്റ്റിസ് എച്ച് ആര്‍ ഖന്നയുടെ സഹോദരി പുത്രനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പിതാവ് ദേവ് രാജ് ഖന്ന ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയിരുന്നു. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത്. അതിന് മുമ്പ് 14 വര്‍ഷം ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയിരുന്നു.

Tags:    

Similar News