കെ-റെയില്‍: വിശദീകരണ യോഗം ശനിയാഴ്ച്ച കോഴിക്കോട്

Update: 2022-03-04 17:27 GMT

കോഴിക്കോട്: തിരുവനന്തപുരം കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ജില്ലയില്‍ വിശദീകരണ യോഗം സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാരും കെ-റെയിലും സംയുക്തമായി സംഘടിപ്പിക്കുന്ന വിശദീകരണ യോഗം ജനസമക്ഷം സില്‍വര്‍ ലൈന്‍ ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് 3.30ന് കോഴിക്കോട് സമുദ്ര ഹാളില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

സില്‍വര്‍ ലൈന്‍ യാഥാര്‍ത്ഥ്യമാവുമ്പോള്‍ സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ റെയില്‍വേ സ്‌റ്റേഷനായി കോഴിക്കോട് മാറും. ജില്ലയിലൂടെ 74.65 കിലോമീറ്റര്‍ ദൂരത്തിലാണ് സില്‍വര്‍ലൈന്‍ കടന്നുപോകുന്നത്. ഇതില്‍ ആറ് കിലോമീറ്റര്‍ ഭൂഗര്‍ഭപാതയാകും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാസമയം 2 മണിക്കൂര്‍ 40 മിനുട്ടായി ചുരുങ്ങും.

പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ പങ്കെടുക്കും.

വിവിധ തുറകളിലുള്ള വികസന തത്പരര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. ചടങ്ങില്‍ കെറെയില്‍ മാനേജിങ് ഡയറക്ടര്‍ വി. അജിത് കുമാര്‍ പദ്ധതി അവതരണം നടത്തും. ചീഫ് ജനറല്‍ മാനേജര്‍ പി. ജയകുമാര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ കെ.ജെ. ജോസഫ് നന്ദിയും പറയും.

Tags:    

Similar News