കെ റെയില്‍ ബോധവത്കരണ പരിപാടിക്ക് ഇന്ന് മുതല്‍ തുടക്കം;മന്ത്രിമാര്‍ നേരിട്ടിറങ്ങും

മന്ത്രിമാര്‍ വീട് കയറുക മാത്രമല്ല പദ്ധതിക്ക് വേണ്ടി എവിടെയും കയറാന്‍ സന്നദ്ധരാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു

Update: 2022-04-19 04:32 GMT

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരേ സമരങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടുള്ള എല്‍ഡിഎഫിന്റെ ബോധവത്കരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കം കുറിക്കുന്നു.ജനങ്ങളെ ബോധവത്കരിക്കാന്‍ മന്ത്രിമാര്‍ നേരിട്ട് രംഗത്തിറങ്ങുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍ വ്യക്തമാക്കി.വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണ യോഗങ്ങള്‍ക്ക് തുടക്കമിടും.

വരും ദിവസങ്ങളില്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് യോഗങ്ങളും കൂട്ടായ്മകളും സംഘടിപ്പിക്കാനാണ് എല്‍ഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.വീടുകള്‍ കയറിയുള്ള ബോധവത്കരണ പ്രചാരണങ്ങള്‍ വീണ്ടും നടത്താനാണ് ഇടത് മുന്നണി ശ്രമിക്കുന്നത്.

റെയില്‍ നിര്‍മ്മാണത്തിന് വേണ്ടി ഭൂമിയും കെട്ടിടവും നഷ്ടമാകുന്നവരുണ്ട്. അവരുടെ പ്രയാസം സര്‍ക്കാര്‍ മനസിലാക്കുന്നുണ്ടെന്ന് മന്ത്രി എംവി ഗോവിന്ദന്‍ പറഞ്ഞു. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയ ശേഷം മാത്രം ജനങ്ങള്‍ സ്ഥലം വിട്ടുനല്‍കിയാല്‍ മതിയാകുമെന്നും മന്ത്രി വിശദീകരിച്ചു.കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന പദ്ധതിയാണ് കെ റെയിലെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി ആവര്‍ത്തിച്ചു.

'പദ്ധതിക്ക് തടസം നില്‍ക്കുന്നത് പ്രതിപക്ഷമാണ്. ജനങ്ങളെ ബോധവത്ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മന്ത്രിമാര്‍ വീട് കയറുക മാത്രമല്ല പദ്ധതിക്ക് വേണ്ടി എവിടെയും കയറാന്‍ സന്നദ്ധരാണ്. ഇപ്പോള്‍ നടക്കുന്നത് ഭൂമിയേറ്റെടുക്കല്‍ സര്‍വേയല്ല. അതിനാല്‍ ബാങ്കുകള്‍ വായ്പ നല്‍കാത്ത സാഹചര്യമുണ്ടാകരുത്'. അത് സര്‍ക്കാര്‍ വ്യക്തമാക്കിയതാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Tags:    

Similar News