കെ റെയില്‍ കൈപ്പുസ്തകം: സാമ്പത്തിക പ്രതിസന്ധി പരിഗണിക്കാതെ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നുവെന്ന് എ കെ സലാഹുദ്ദീന്‍
നേരത്തേ നാലര കോടി ചെലവഴിച്ച് 50 ലക്ഷം കൈപ്പുസ്തകം പ്രിന്റ് ചെയ്തത് തികയാതെയാണ് ഇപ്പോള്‍ ഏഴര ലക്ഷം രൂപകൂടി ചെലവിട്ട് അഞ്ച് ലക്ഷം കോപി അച്ചടിക്കുന്നത്
തിരുവനന്തപുരം: ദൈനംദിന ചെലവിനു പോലും നിവൃത്തിയില്ലാതെ സംസ്ഥാനം നേരിടുന്ന കടുത്ത പ്രതിസന്ധി പരിഗണിക്കാതെ കെ റെയില്‍ കൈപ്പുസ്തകം അച്ചടിക്കാന്‍ ഇടതു സര്‍ക്കാര്‍ വീണ്ടും പണം ധൂര്‍ത്തടിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ഖജാന്‍ജി എ കെ സലാഹുദ്ദീന്‍. നേരത്തേ നാലര കോടി ചെലവഴിച്ച് 50 ലക്ഷം കൈപ്പുസ്തകം പ്രിന്റ് ചെയ്തത് തികയാതെയാണ് ഇപ്പോള്‍ ഏഴര ലക്ഷം രൂപകൂടി ചെലവിട്ട് അഞ്ച് ലക്ഷം കോപി അച്ചടിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മൂലം 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ പോലും മാറാതെ ട്രഷറി നിയന്ത്രണം തുടരുകയാണ്. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. കഴിഞ്ഞ മാസത്തെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പം നാളിതുവരെ നല്‍കിയിട്ടില്ല. സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ കൈമലര്‍ത്തിയിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ വരും മാസങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സാഹചര്യമാണെന്നാണ് വിലയിരുത്തല്‍. ഇതിനിടയില്‍ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി കോടികള്‍ ധൂര്‍ത്തടിച്ച് ആഘോഷ മാമാങ്കങ്ങളാണ് അരങ്ങേറുന്നത്.
അതേസമയം, തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തിരിച്ചടി ഭയന്ന് കെ റെയില്‍ അതിര് കല്ലിടല്‍ പോലും നിര്‍ത്തിവെച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ നടപ്പാക്കാന്‍ കഴിയുമെന്ന് യാതൊരു ഉറപ്പും ഇല്ലാത്ത പദ്ധതിയ്ക്കായാണ് ശൂന്യമായ ഖജനാവിനെ വീണ്ടും വീണ്ടും ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നത്. തനിക്കു ശേഷം പ്രളയം എന്ന ദുരന്തത്തിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തെ കൊണ്ടുപോകുന്നത്. ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ച് വരുമാനമുണ്ടാക്കി ധൂര്‍ത്തടിച്ചും കേരളത്തിന്റെ സര്‍വനാശത്തിന് കാരണമായേക്കാവുന്ന പദ്ധതിയെക്കുറിച്ച് ജനവികാരം അനുകൂലമാക്കാനും സര്‍ക്കാര്‍ നടത്തുന്ന വിഫലശ്രമങ്ങള്‍ ജനങ്ങളുടെ മുതുകിനുമേലാണ് പതിക്കുന്നതെന്ന് ഇടതുസര്‍ക്കാര്‍ തിരിച്ചറിയണമെന്നും എകെ സലാഹുദ്ദീന്‍ വാര്‍ത്താക്കുറുപ്പില്‍ ഓര്‍മിപ്പിച്ചു.