കെ റെയില്‍: പുനരധിവാസം ഉറപ്പ് വരുത്തും; എതിര്‍പ്പുകള്‍ക്ക് വഴങ്ങിക്കൊടുക്കില്ലെന്നും മുഖ്യമന്ത്രി

സില്‍വര്‍ ലൈനിന്റെ 88 കിലോ മീറ്റര്‍ തൂണുകളിലൂടെയാണ് കടന്ന് പോകുന്നത്. അതിനാല്‍ നെല്‍പ്പാടങ്ങള്‍ക്കും തണ്ണീര്‍തടങ്ങള്‍ക്കും ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

Update: 2022-01-04 07:12 GMT

തിരുവനന്തപുരം: നാടിന്റെ മുന്നോട്ട് പോക്കിന് വന്‍ വികസന പദ്ധതികള്‍ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയില്‍ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് വിവാദങ്ങളെ പ്രതിരോധിക്കാന്‍ വിളിച്ചു ചേര്‍ത്ത ജനസമക്ഷം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി നടപ്പാക്കുമ്പോള്‍ പുനരധിവാസം നല്ല രീതിയില്‍ ഉറപ്പ് വരുത്തും. 13265 കോടി നഷ്ടപരിഹാരത്തിന് നീക്കി വച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ ദീര്‍ഘമായ പ്രസംഗത്തില്‍ വ്യക്തമാക്കി. പദ്ധതിയുടെ ഗുണ ഫലങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഇപ്പോള്‍ ഉയര്‍ന്ന വിവാദങ്ങള്‍ അനാവശ്യമണെന്നും അവകാശപ്പെട്ടു.

കെ റെയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ 9300 ല്‍ അധികം കെട്ടിടങ്ങള്‍ പൊളിക്കേണ്ടി വരും. എന്നാല്‍ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കും. ഗ്രാമപ്രദേശങ്ങളില്‍ കമ്പോള വിലയുടെ നാലിരട്ടി പട്ടണങ്ങളില്‍ രണ്ടിരട്ടിയും നഷ്ടപരിഹാരം നല്‍കും. 1730 കോടി പുനരധിവാസത്തിനും, 4460 കോടി വീടുകളുടെ നഷ്ടപരിഹാരത്തിന് മാറ്റി വച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കുറഞ്ഞ തോതില്‍ ആഘാതം ഉണ്ടാകുന്ന തരത്തില്‍ പദ്ധതി നടപ്പാക്കുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റയില്‍ ഗതാഗതമാണ് ഏറ്റവും പരിസ്ഥിതി സൗഹൃദം. സില്‍വര്‍ ലൈന്‍ പരിസ്ഥിതിക്ക് വലിയ നേട്ടം ഉണ്ടാകും. സില്‍വര്‍ ലൈനിന്റെ 88 കിലോ മീറ്റര്‍ തൂണുകളിലൂടെയാണ് കടന്ന് പോകുന്നത്. അതിനാല്‍ തന്നെ നെല്‍പ്പാടങ്ങള്‍ക്കും തണ്ണീര്‍തടങ്ങള്‍ക്കും ഒന്നും സംഭവിക്കില്ല. റെയില്‍ പാത പ്രളയം സൃഷ്ടിക്കുമെന്ന ആക്ഷേപം തള്ളിയ മുഖ്യമന്ത്രി പരിസ്ഥിതി ആഘാതം വളരെ കുറയുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുക എന്നും കാര്‍ബണ്‍ ബഹിര്‍ഗമന തോത് കുറയുമെന്നും അവകാശപ്പെട്ടു. പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാണ് സില്‍വര്‍ ലൈന്‍ എന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ദേശീയ പാതയുടെ അവസ്ഥ പലയിടതും പഞ്ചായത്ത് റോഡിനേക്കാള്‍ പരിതാപകരമാണ്. അതുകൊണ്ട് തന്നെ നാടിന്റെ വികസനത്തിന് വലിയ തോതില്‍ ഉപകരിക്കുന്ന പദ്ധതി ഒഴിച്ച് കൂടാനാകാത്തതാണ്. റെയില്‍ വേ വികസനം പദ്ധതിയ്ക്ക് ബദലാവില്ല. റോഡുകള്‍ വികസിപ്പിക്കുക എന്നതും ജന സാന്ദ്രത ഏറിയ പ്രദേശങ്ങളില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കും. ഇപ്പോള്‍ ഉയരുന്ന അനാവശ്യ എതിര്‍പ്പുകള്‍ക്ക് വഴങ്ങിക്കൊടുക്കില്ലെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.

അതേസമയം, സില്‍വല്‍ ലൈന്‍ പദ്ധതിക്ക് ആകെ 63941 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പൗര പ്രഖമുഖന്‍മാരുടെ യോഗത്തില്‍ വ്യക്തമാക്കി. 56891 കോടി അഞ്ച് വര്‍ഷം കൊണ്ട് ചെലവാക്കും. 2025 ല്‍ പദ്ധതി പൂര്‍ത്തിയാക്കും. രണ്ട് കൊല്ലം കൊണ്ട് ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കും. പദ്ധതി വൈകും തോറും ചെലവ് വര്‍ധിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

അതിനിടെ, സില്‍വര്‍ലൈന്‍ പദ്ധതിയില്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു.

വാസസ്ഥലം നഷ്ടമാവുകയും ഭൂരഹിതര്‍ ആവുകയും ചെയ്യുന്നവര്‍ക്കാണ് പ്രത്യേക പാക്കേജ്. വാസസ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് നഷ്ട പരിഹാരതുകയ്ക്ക് പുറമേ 4,60,000 രൂപ നല്‍കാനാണ് തീരുമാനം. അല്ലെങ്കില്‍ നഷ്ടപരിഹാരവും 1,60,000 രൂപയും ലൈഫ് മാതൃകയിലുള്ള വീടും നല്‍കും. അതി ദരിദ്രകുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുകയ്ക്ക് പുറമേ 5 സെന്റ് ഭൂമിയും, ലൈഫ് മാതൃകയിലുള്ള വീടും. അല്ലെങ്കില്‍ നഷ്ടപരിഹാരത്തുകയ്ക്ക് പുറമെ 5 സെന്റ് ഭൂമിയും, നാല് ലക്ഷം രൂപയും നല്‍കും. കാലിത്തൊഴുത്തുകള്‍ പൊളിച്ചു നീക്കിയാല്‍ 25,000 രൂപ മുതല്‍ 50 000 രൂപ. വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരവും 50,000 രൂപയും. വാടക കെട്ടിടത്തിലെ വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ തുടങ്ങി വമ്പന്‍ പാക്കേജാണ് പ്രഖ്യാപിച്ചത്.

Tags:    

Similar News